മുക്കത്ത് കോടികളുടെ ലഹരിവേട്ട: യുവാവും യുവതിയും പിടിയിൽ; 2.8 കിലോ എംഡിഎംഎ പിടിച്ചെടുത്തു

കോഴിക്കോട്: കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മുക്കത്ത് യുവാവും യുവതിയും പിടിയിലായി. ഏകദേശം രണ്ടേമുക്കാൽ കിലോയോളം (2.8 കിലോ) എംഡിഎംഎ ആണ് ഇവരിൽ നിന്ന് പിടികൂടിയത്. മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫ (36), ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് (45) എന്നിവരെയാണ് കോഴിക്കോട് റൂറൽ ഡാൻസാഫ് (DANSAF) സംഘം പിടികൂടിയത്.

മുക്കം മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വച്ച് 517 ഗ്രാം എംഡിഎംഎയുമായാണ് ഹനീഫ ആദ്യം പിടിയിലായത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന മണാശേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് റെയ്ഹാനത്തിനെ പിടികൂടിയതും ബാക്കി 2.286 കിലോഗ്രാം ലഹരിമരുന്ന് കണ്ടെടുത്തതും.ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാനമാർഗ്ഗം ലഹരിമരുന്ന് കേരളത്തിലെത്തിക്കുന്ന വൻ സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പോലീസ് പറഞ്ഞു. ഡൽഹിയിൽ നിന്ന് ട്രെയിൻ വഴിയാണ് ഇയാൾ ലഹരി കടത്തിയിരുന്നത്. ഇതിനായി ഇയാൾ നിരന്തരം വിമാനയാത്രകൾ നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് റൂറൽ എസ്പി ടി. ഫറാഷിന്റെ നേതൃത്വത്തിലുള്ള സംഘം ദീർഘനാളായി ഹനീഫയെ നിരീക്ഷിച്ചു വരികയായിരുന്നു. മണാശേരിയിൽ ഇയാൾ വാടകയ്ക്കെടുത്തിരുന്ന വീട് കേന്ദ്രീകരിച്ചായിരുന്നു ലഹരി ഇടപാടുകൾ നടന്നിരുന്നത്.ലഹരിമരുന്ന് ശൃംഖലയിലെ കൂടുതൽ കണ്ണിളെ കണ്ടെത്താനായി പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.ജില്ലയിലെ സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിത്. പിടിയിലായ എംഡിഎംഎയ്ക്ക് വിപണിയിൽ കോടികൾ വിലവരും.

Leave a Reply

Your email address will not be published. Required fields are marked *