പബ്ബിൽ വച്ച് ക്രൂരമർദ്ദനം; 12 മണിക്കൂർ ആശുപത്രിയിൽ കാത്തുനിൽക്കേണ്ടി വന്ന മുത്തശ്ശൻ നീതിക്കായി പോരാടുന്നു

അഡ്‌ലെയ്‌ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ ഒരു പബ്ബിൽ വച്ച് അപ്രതീക്ഷിതമായി മർദ്ദനമേറ്റ (Coward punch) 64-കാരനായ മുത്തശ്ശൻ, പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ അതൃപ്തി രേഖപ്പെടുത്തി രംഗത്ത്. അഡ്‌ലെയ്‌ഡിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള റോസ് ആൻഡ് ക്രൗൺ ഹോട്ടലിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഡങ്കൻ ബ്രൂസ് എന്നയാൾക്ക് നേരെ ആക്രമണമുണ്ടായത്.

പബ്ബിൽ എയ്റ്റ് ബോൾ മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന ഡങ്കൻ, ശുചിമുറിയിലേക്ക് പോയ സമയത്താണ് പിന്നിൽ നിന്നും മർദ്ദനമേറ്റത്. താൻ കണ്ണുതുറന്നു നോക്കിയപ്പോൾ, “നീ ഇപ്പോൾ ചിരിക്കുന്നില്ലല്ലോ, അല്ലേ?” എന്ന് അക്രമി പരിഹസിച്ചതായി ഡങ്കൻ പറഞ്ഞു. തന്റെ എതിർ ടീമിലുണ്ടായിരുന്ന ആളാണ് ആക്രമിച്ചതെന്നും ഇയാൾ ലീഗിലെ അറിയപ്പെടുന്ന ഒരു പ്രശ്നക്കാരനാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡങ്കൻ ശുചിമുറിയിലേക്ക് പോകുന്നത് കണ്ട് അക്രമി ആരുമില്ലെന്ന് ഉറപ്പുവരുത്തി പിന്നാലെ ചെല്ലുന്നതും പെട്ടെന്ന് തന്നെ തിരികെ വരുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ഡങ്കനെ പാരാമെഡിക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും ദുരനുഭവമാണ് ഉണ്ടായത്. ഏകദേശം 12 മണിക്കൂറോളമാണ് ഇദ്ദേഹത്തിന് ആശുപത്രിയിലെ വെയ്റ്റിംഗ് റൂമിൽ ഇരിക്കേണ്ടി വന്നത്. പിറ്റേന്ന് രാവിലെ ഒമ്പതരയ്ക്ക് അന്വേഷിച്ചപ്പോൾ തനിക്ക് മുന്നിൽ ഇനിയും ഏഴുപേർ ഉണ്ടെന്നാണ് അധികൃതർ മറുപടി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് പ്രതിക്കെതിരെ നടപടിയെടുക്കാത്തതിലും ഡങ്കൻ അമർഷം രേഖപ്പെടുത്തി. “അവർ എന്നെയും എന്നെ അടിച്ച ആ ഭീരുവിനെയും ചോദ്യം ചെയ്തു, പക്ഷേ ഇപ്പോൾ ചാർജ് ചെയ്യുന്നില്ലെന്നാണ് പറയുന്നത്. ഇവിടുത്തെ സിസ്റ്റം തകരാറിലാണെന്ന് എനിക്ക് തോന്നുന്നു,” അദ്ദേഹം പ്രതികരിച്ചു. നിലവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിലും ഭാവിയിൽ ചാർജ് ചുമത്താനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. 64 വയസ്സായ തനിക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ താങ്ങാനാവില്ലെന്നും താൻ അങ്ങേയറ്റം നിരാശനാണെന്നും ഡങ്കൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *