മെൽബൺ: വിക്ടോറിയയിലേക്ക് ഏകദേശം 100 കോടി ഡോളർ (ഒരു ബില്യൺ ഡോളർ) വിലമതിക്കുന്ന കൊക്കെയ്ൻ കടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രമുഖ കുതിരപ്പന്തയ കുടുംബാംഗങ്ങളും മുൻ ജോക്കിയും അടക്കം ഒൻപത് പേരെ ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്തു. ബാസ് കടലിടുക്കിൽ ലഹരിമരുന്നുകടത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ബോട്ട് മുങ്ങിയതിനെത്തുടർന്ന് നടത്തിയ പത്ത് മാസത്തെ രഹസ്യ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
പ്രമുഖ കുതിരപ്പന്തയ പരിശീലകൻ ഗ്രാന്റ് ഡാൽസീൽ, മകൻ പീറ്റർ ഡാൽസീൽ, മുൻ ജോക്കി ബ്രയാൻ പാർക്ക് എന്നിവരാണ് അറസ്റ്റിലായവരിലെ പ്രമുഖർ. മെൽബണിലെ ഗ്ലെൻറോയ്, മോർവെൽ എന്നിവിടങ്ങളിൽ നിന്നുള്ളവരും പിടിയിലായവരിൽ ഉൾപ്പെടുന്നു. അതിസങ്കീർണ്ണമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു മാഫിയാ സംഘമാണിതെന്ന് മുൻ എഎഫ്പി ഡിറ്റക്റ്റീവ് സൂപ്രണ്ട് ഡേവിഡ് ക്രെയ്ഗ് പറഞ്ഞു. ബഹുമാനിക്കപ്പെടുന്ന പ്രമുഖ വ്യക്തികളെ മുൻനിർത്തി സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ സൗത്ത് ഗിപ്സ്ലാൻഡ് തീരത്ത് മോശം കാലാവസ്ഥയെത്തുടർന്ന് തകർന്ന ബോട്ടിൽ നിന്ന് നാലുപേരെ രക്ഷപ്പെടുത്തിയതോടെയാണ് അന്വേഷണത്തിന്റെ തുടക്കം. ഇവരുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. കടലിലൂടെ വരുന്ന വലിയ കപ്പലുകളിൽ (മദർ ഷിപ്പ്) നിന്ന് ലഹരിമരുന്ന് ശേഖരിക്കാൻ ചെറിയ ബോട്ടുകൾ (ഡോട്ടർ വെസൽസ്) കടലിടുക്കിലേക്ക് അയക്കുന്ന രീതിയാണ് ഇവർ സ്വീകരിച്ചിരുന്നത്.
ഏകദേശം 3.5 ടൺ കൊക്കെയ്ൻ ഓസ്ട്രേലിയയിലേക്ക് എത്തിക്കാനായിരുന്നു സംഘത്തിന്റെ നീക്കം. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച ബോട്ട് പോലീസ് പിടിച്ചെടുത്തു. എട്ടുപേരെ വിക്ടോറിയയിൽ നിന്നും ഒരാളെ സിഡ്നിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
31-നും 72-നും ഇടയിൽ പ്രായമുള്ള പ്രതികൾക്കെതിരെ 38-ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ ഏഴ് പേർക്ക് കുറ്റം തെളിയുകയാണെങ്കിൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം. അഞ്ച് പേർ നിലവിൽ റിമാൻഡിലും ബാക്കിയുള്ളവർ ജാമ്യത്തിലുമാണ്. കേസ് ജൂലൈ മാസത്തിൽ മെൽബൺ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും.

