വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് ഈ ദിനം ആഘോഷിക്കുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ കുർബാനയ്ക്കും ശുശ്രൂഷകൾക്കും നേതൃത്വം നൽകി. ലോകത്തിന് സമാധാനവും സ്നേഹവും ആശംസിച്ച അദ്ദേഹം, യുദ്ധങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവർക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തി.
കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ ശനിയാഴ്ച അർദ്ധരാത്രി മുതൽ തന്നെ ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾ ആരംഭിച്ചു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രൽ, എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുടങ്ങിയ പ്രമുഖ ദേവാലയങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. അമ്പതു ദിവസത്തെ നോമ്പാചരണത്തിന് ശേഷമുള്ള ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾ ഒത്തുചേരലുകളും വിഭവസമൃദ്ധമായ വിരുന്നുകളും ഒരുക്കി ആഘോഷങ്ങളിൽ പങ്കുചേരുന്നു. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ ലോകമലയാളികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്നു.

