അമേരിക്കയിലേക്ക് കുടിയേറുന്നതിനുള്ള ഉറപ്പുള്ള മാര്‍ഗമായി മൂലധനനിക്ഷേപ ബന്ധിതമായ ഇബി5 വീസ മാറുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ സ്ഥിരതാമസത്തിന് ഗ്രീന്‍കാര്‍ഡും പൗരത്വവുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഏറ്റവും ഉറപ്പുള്ള മാര്‍ഗമായി ഇബി 5 വീസകള്‍ മാറുന്നു. അമേരിക്കയില്‍ മൂലധന നിക്ഷേപം നടത്തുന്നവര്‍ക്ക് അമേരിക്കന്‍ ഇമിഗ്രേഷന്‍ വകുപ്പ് അനുവദിക്കുന്ന ഉറപ്പുള്ള വീസയാണിത്. ഒരു കാലത്തെ ഏറ്റവും ആകര്‍ഷകമായ എച്ച് 1 ബി, എഫ് 1 വീസകള്‍ കിട്ടുക ദുഷ്‌കരമോ ഏറെ കാലതാമസമെടുക്കുന്ന കാര്യമോ ആണിപ്പോള്‍. ആ സ്ഥാനത്താണ് ഇബി 5 വീസകള്‍ രക്ഷാമാര്‍ഗമായി മാറുന്നത്. പത്ത് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് തൊഴില്‍ കൊടുക്കുന്നതിനു സഹായിക്കുന്ന ഏതെങ്കിലും വാണിജ്യ സംരംഭത്തില്‍ പണം മുടക്കുന്നവര്‍ക്കാണ് ഇത്തരം വീസകള്‍ അനുവദിക്കുന്നത്. ഒന്നുകില്‍ സ്വയം നേരിട്ട് ഇന്‍വസ്റ്റ് ചെയ്യാം, അല്ലെങ്കില്‍ ഗവണ്‍മെന്റ് അംഗീകൃത റീജണല്‍ സെന്ററുകള്‍ വഴി മൂലധന നിക്ഷേപം നടത്താം. രണ്ടാമത്തെ രീതിയിലുള്ള മൂലധന നിക്ഷേപമാണെങ്കില്‍ ചുരുങ്ങിയത് എട്ടു ലക്ഷം അമേരിക്കന്‍ ഡോളര്‍ അല്ലെങ്കില്‍ പത്തരലക്ഷം അമേരിക്കന്‍ ഡോളറാണ് വേണ്ടത്.
അമേരിക്കയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന വിധത്തില്‍ നാട്ടിലേക്ക് വിദേശത്തുനിന്ന് മൂലധന നിക്ഷേപം എത്തിക്കുകയും അതുവഴി അമേരിക്കന്‍ പൗരന്‍മാരുടെ ജോലിസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം വീസകള്‍ അനുവദിക്കുന്നതിനു പിന്നിലെ ലക്ഷ്യം. ഒന്നുകില്‍ ഇന്‍വസ്റ്റ്‌മെന്റ് നടത്തിക്കഴിഞ്ഞ അല്ലെങ്കില്‍ ഇന്‍വസ്റ്റ്‌മെന്റ് നടത്തിക്കൊണ്ടേയിരിക്കുന്ന വ്യക്തകള്‍ക്കാണ് ഇതിന് അപേക്ഷിക്കാനുള്ള യോഗ്യത. അതായത് ഭാവിയില്‍ മൂലധനം മുടക്കിക്കൊള്ളാം എന്ന വാഗ്ദാനത്തില്‍ വീസ അനുവദിക്കില്ലെന്നു ചുരുക്കം. യോഗ്യമായ രീതിയില്‍ നിക്ഷേപം നടത്തുന്ന വ്യക്തിക്കു മാത്രമല്ല, അയാളുടെ കുടുംബാംഗങ്ങള്‍ക്കും ഇത്തരത്തില്‍ ഗ്രീന്‍കാര്‍ഡ് അനുവദിച്ചുകിട്ടും. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രാദേശിക കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷിക്കുന്നതെങ്കില്‍ അവര്‍ പലരില്‍ നിന്നായി സമാഹരിക്കുന്ന മൂലധനം പൂള്‍ ചെയ്ത് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലോ നിര്‍ദിഷ്ട തൊഴില്‍ വികസന മേഖലകളിലോ മുടക്കുകയായിരിക്കും ചെയ്യുക.
ഇത്തരം വീസയ്ക്ക് എന്താണ് ചെയ്യേണ്ടത്.
മുകളില്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ മൂലധന നിക്ഷേപം നടത്തുകയാണ് ആദ്യമായി വേണ്ടത്. ഇതുവഴി പത്ത് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജോലി ഉറപ്പാകുന്നതായി ഗവണ്‍മെന്റ് അംഗീകരിക്കും. പുതുതായി ജോലി കൊടുക്കുന്നതു പോലെ പ്രധാനമാണ് എന്തെങ്കിലും ജോലിയിലിരിക്കുന്നവര്‍ക്ക് സ്ഥിരസ്വഭാവത്തോടെയുള്ള പുതിയ ജോലി ഉറപ്പാക്കുന്നതും. ഇത്രയുമായിക്കഴിഞ്ഞാല്‍ പണം മുടക്കിയവര്‍ക്ക് യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ (യുഎസ്‌സിഐഎസ്) ഗ്രീന്‍ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കാം. ഈ അപേക്ഷ ആവശ്യമായ വേരിഫിക്കേഷന്‍ നടപടികളിലെല്ലാം വിജയിക്കുകയാണെങ്കില്‍ അപേക്ഷകനും കുടുംബാംഗങ്ങള്‍ക്കും ഗ്രീ്ന്‍ കാര്‍ഡ് അനുവദിച്ചു കിട്ടും.
യുഎസില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇബി 5 വിസ ഒരു പ്രധാന മാര്‍ഗമായി മാറുകയാണിപ്പോള്‍. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, മാത്ത്‌സ് മേഖലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും പ്രൊഫഷണലുകളും സാമ്പത്തികമായി മെച്ചപ്പെട്ടവരുമാണ് അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ ഇത്തരം വീസ തിരഞ്ഞെടുക്കുന്നത്.