ന്യൂഡൽഹി: രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വരാനിരിക്കുന്ന വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്കായി അടിയന്തര തയ്യാറെടുപ്പുകൾ നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഈ വർഷം ഏപ്രിലിൽ ആരംഭിക്കാനിരിക്കുന്ന തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ പ്രാഥമിക ജോലികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാനാണ് അതത് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ചണ്ഡീഗഢ്, ദാദ്ര ആൻഡ് നഗർ ഹവേലി – ദാമൻ ആൻഡ് ദിയു, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, ലഡാക്ക്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ഡൽഹി, ഒഡീഷ, പഞ്ചാബ്, സിക്കിം, ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുള്ളത്. വോട്ടർ പട്ടികയിലെ പിഴവുകൾ പരിഹരിക്കാനും അർഹരായ പുതിയ വോട്ടർമാരെ ഉൾപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി.
നിലവിൽ കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്മീഷൻ അറിയിച്ചു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനൊപ്പം ഇരട്ട വോട്ടുകൾ നീക്കം ചെയ്യുക, മേൽവിലാസ മാറ്റം രേഖപ്പെടുത്തുക തുടങ്ങിയ നടപടികളും ഇതിന്റെ ഭാഗമായി നടക്കും. ഏപ്രിലിൽ രണ്ടാം ഘട്ട സംസ്ഥാനങ്ങളിൽ നടപടി ആരംഭിക്കുന്നതോടെ രാജ്യത്തെ വോട്ടർ പട്ടിക പൂർണ്ണമായും കുറ്റമറ്റതാക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

