തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമേ സഹായിക്കാന്‍ അനുവാദമുള്ളൂ എന്ന് ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടറുടെ ഇടതു കൈവിരലില്‍ മഷി പുരട്ടുന്നതിനൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും. ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ വോട്ടര്‍മാര്‍ക്കു വേണ്ടി വോട്ടു ചെയ്യുന്നതു തടയാനാണിത്. വിവിധ രാഷ്ട്രീയ കക്ഷികളുമായി കമ്മീഷന് നടത്തിയ കൂടിയാലോചനയില്‍ കോണ്‍ഗ്രസ് പ്രതിനിധി ആവശ്യപ്പെട്ട കാര്യം കമ്മീഷന് അംഗീകരിക്കുകയായിരുന്നു.
കാഴ്ച പരിമിതി, പ്രായാധിക്യം മൂലമുള്ള അവശതകള്‍ തുടങ്ങിയവയുള്ള വോട്ടര്‍മാര്‍ക്കാണ് സഹായിയെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍ അനുവാദമുള്ളത്. എന്നാല്‍ വോട്ടര്‍ക്ക് പരസഹായം കൂടാതെ വോട്ടു ചെയ്യാന്‍ സാധിക്കില്ലെന്നു പ്രിസൈഡിങ് ഓഫീസര്‍ക്കു ബോധ്യപ്പെട്ടാല്‍ മാത്രമാണ് സഹായിയെ നിയോഗിക്കാനാവൂ. ഇതുവരെ ഒരു സഹായിക്ക് എത്ര പേരെ വേണമെങ്കിലും സഹായിക്കാമായിരുന്നു. ഇതിനെതിരേ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനാലാണ് ആ രീതി മാറ്റിയിരിക്കുന്നത്.
കാഴ്ച പരിമിതിയുള്ളവര്‍ക്ക് സ്വയം വോട്ടു ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ബാലറ്റ് യൂണിറ്റിന്റെ വലതു വശത്ത് ബ്രെയ്ലി ലിപിയില്‍ സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.

