ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലായ ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയിൽ ഡോക്ടർമാരെ നിയമിച്ചതു പോലീസ് വേരിഫിക്കേഷനോ മറ്റു പരിശോധനകളോ ഇല്ലാതെയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരും ചാവേറായി പ്രവർത്തിച്ചയാളും ഉൾപ്പെടെ മൂന്നു ഡോക്ടർമാരെക്കുറിച്ചാണു റിപ്പോർട്ട്. യൂണിവേഴ്സിറ്റിയുടെ പ്രമോട്ടർക്കെതിരേയുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം നടത്തുന്ന ഇഡി ഡൽഹി കോടതിയിൽ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.
അൽ ഫലാ ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹ്മദ് സിദ്ദിഖി (61), അൽ ഫലാ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർക്കെതിരേയാണ് പരാതി. വിദ്യാർഥികളുടെ ഫീസ് ഉപയോഗിച്ച് സിദ്ദിഖി അനധികൃത ഫണ്ടുകൾ സ്വരൂപിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
140 കോടി വിലമതിക്കുന്ന യൂണിവേഴ്സിറ്റിയുടെ ഭൂമിയും കെട്ടിടവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. മൂന്ന് ഡോക്ടർമാരും രേഖകൾ പ്രകാരം മാത്രമായിരുന്നു ഡോക്ടർമാരെന്നും ദേശീയ മെഡിക്കൽ കമ്മീഷന്റെ അനുമതി നേടിയെടുക്കാനുള്ള തിരിമറികൾ നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടുവെന്നു സംശയിക്കുന്ന മുസമ്മിൽ ഗനയ്, ഷഹീൻ സയ്ദ്, ഉമർ നബി എന്നിവർ സിദ്ദിഖിയുടെ അനുമതിയോടെയാണ് നിയമനം നേടിയതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും പ്രിൻസിപ്പലും ഇഡിയെ അറിയിച്ചിട്ടുണ്ട്. സിദ്ദിഖി ഡോക്ടർമാർക്ക് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ നൽകിയെന്നും ഇഡിയുടെ കണ്ടെത്തലുകളിലുണ്ട്.

