കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്താണ് ഇടമലക്കുടി,ഇടുക്കിയുടെ ചരിത്രത്താളുകളിലെ മറ്റൊരു ഏടാണ് ആദിവാസി വിഭാഗമായ മുതുവ സമുദായം മാത്രമുള്ള ഈ ഏക പഞ്ചായത്ത്.
കാടിനു നടുവിലെ നാട്.നൂറ്റാണ്ടുകളുടെ വനവാസ ചരിത്രവും ഗോത്രവര്‍ഗ സംസ്‌കാരത്തിന്റെ പെരുമയും നിലനില്‍ക്കുന്ന മണ്ണാണ് ഇടമലക്കുടി.
ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്നും 36 കിലോമീറ്റര്‍ വടക്ക് മാറി,കൊടുംവനത്തില്‍ ആണ് ഈ ഗിരിവര്‍ഗ മേഖല.ആനമുടിക്ക് സമീപമുള്ള രാജമല (വരയാടുകളുടെ സാമ്രാജ്യം),പുല്ലുമേട് എന്നീ സ്ഥലങ്ങളിലൂടെ 15 കിലോമീറ്റര്‍ ജീപ്പില്‍ യാത്ര ചെയ്തു പെട്ടിമുടിയില്‍ വരെ നടക്കാതെ എത്താം. പിന്നീട് ചെങ്കുത്തായ,കയറ്റവും ഇറക്കവും ഉള്ള 21 കിലോമീറ്റര്‍ ദുര്‍ഘടമായ വനപാതകളിലൂടെ, ആനത്താരകളും പിന്നിട്ടു കാല്‍നടയായി കുറഞ്ഞത് എട്ടു മണിക്കൂര്‍ സഞ്ചരിച്ചു പുതിയ പഞ്ചായത്തിന്റെ കേന്ദ്രമായ സൊസൈറ്റിക്കുടിയില്‍ എത്താം.ഇടയ്ക്കു ചിലപ്പോള്‍ ആന,കടുവ, കാട്ടുപോത്ത് എന്നിവയെ കാണുവാന്‍ സാധിക്കും.അട്ടയുടെ ശല്യം രൂക്ഷമാണ്.വനപാലകരുടെ അനുവാദവും സഹായവും ഉണ്ടെങ്കിലെ ഇവിടെ എത്തിച്ചേരുവാന്‍ സാധിക്കൂ.
2010 നവംബര്‍ ഒന്നിനു പഞ്ചായത്തായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.പഞ്ചായത്തായി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും മുതുവ സമുദായം മാത്രം അധിവസിക്കുന്ന പഞ്ചായത്തിന്റെ കഷ്ടപ്പാടുകള്‍ക്ക് അറുതിവന്നിട്ടില്ല.നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ ആകെ 13 വാര്‍ഡുകളാണുള്ളത്.24 കുടികളിലായി എഴുനൂറ്റിയന്‍പതോളം കുടുംബങ്ങള്‍ ഇവിടെയുണ്ട്.
ആചാരങ്ങള്‍ കൈവിടാതെ
പൈതൃകമായ ആചാരങ്ങള്‍ ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നവരാണ് ഇടമലക്കുടിയിലെ മുതുവ സമുദായം.ആദിവാസിക്കുടിയുടെ കാരണവരാണ് ഊരുമൂപ്പന്‍.ഓരോ കുടിക്കും(ഊരിനും)ഒരു മൂപ്പനുണ്ട്.കാടിനുള്ളിലെ മുഖ്യന്യായാധിപന്‍ കൂടിയാണ് ഇദ്ദേഹം.മൂപ്പന്റെ തീരുമാനങ്ങള്‍ക്ക് അപ്പീലില്ല.പഞ്ചായം എന്ന പേരിലാണ് ഇടമലക്കുടിയിലെ ഊരുകൂട്ടങ്ങള്‍ അറിയപ്പെടുന്നത്. നേതൃപാടവവും ജനപിന്തുണയുമാണ് ഊരുമൂപ്പനാകാനുള്ള മുഖ്യമാനദണ്ഡം.ഓരോ കുടിക്കും ഓരോ ക്ഷേത്രം വീതമുണ്ട്.ഭദ്രകാളി, ഗണപതി,മുരുകന്‍ തുടങ്ങിയവയാണു ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കൂത്തും പാട്ടുമാണ് ഉത്സവത്തിനോടനുബന്ധിച്ചുള്ള പ്രധാന ആഘോഷങ്ങള്‍.
പുരുഷന്‍മാര്‍ കോമാളി വേഷത്തില്‍ അണിനിരന്നുള്ള അഗ്‌നിനൃത്തമാണ് ആഘോഷങ്ങളിലെ പ്രത്യേകത.തൈമാസം ഒന്നിനു നടക്കുന്ന പൊങ്കലാണ് പ്രധാന ഉത്സവം.10 ദിവസം നീളുന്നതാണു ഉത്സവപരിപാടികള്‍. വനത്തെ ദൈവമായി കാണുകയും ആരാധിക്കുകയും ചെയ്യുന്ന ഇവരുടെ എല്ലാ പ്രാര്‍ഥനകളും വനവുമായി ബന്ധപ്പെടുത്തിയാണ്.തലയിലെ കെട്ടിലൂടെ മുതുവാന്‍മാരെ തിരിച്ചറിയാം. മരണാനന്തര ചടങ്ങുകളിലും മൃതദേഹങ്ങള്‍ കാണുന്ന അവസരത്തിലുമൊക്കെയാണ് ഇവര്‍ തലയിലെ കെട്ടുകള്‍ മാറ്റുക.10 വയസ്സു പൂര്‍ത്തിയാകുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രായപൂര്‍ത്തിയായെന്നു അറിയിക്കുന്ന ചടങ്ങുമുണ്ട്.ആണ്‍കുട്ടികള്‍ക്ക് ഉറുമാല്‍കെട്ടും പെണ്‍കുട്ടികള്‍ക്കു കൊണ്ട കെട്ടുംചടങ്ങുമാണുണ്ടാകുക.സ്ത്രീകളുടെ വസ്ത്രധാരണരീതി വ്യത്യസ്തമാണ്. ഋതുമതികളായ പെണ്‍കുട്ടികള്‍ക്കും വിവാഹിതരായവര്‍ക്കും പ്രത്യേകരീതിയിലുള്ള വസ്ത്രധാരണമാണ്.സാരിയാണു വേഷമെങ്കിലും അത് ഉടുക്കുന്നതിലെ പ്രത്യേകതകൊണ്ട് അവിവാഹിതരെയും വിവാഹിതരെയും തിരിച്ചറിയാനാകും.പെണ്‍കുട്ടികള്‍ പാവാടയും ബ്ലൗസും ധരിക്കുന്നു.ആണ്‍കുട്ടികള്‍ നിക്കറും ഷര്‍ട്ടും ചിലപ്പോള്‍ പാന്റ്‌സും.മുതിര്‍ന്നവര്‍ മുണ്ടും കൈലിയും ഷര്‍ട്ടുമാണു ധരിക്കുന്നത്.കാതിലെ കടുക്കനും മുതുവ സമൂഹത്തിന്റെ പ്രത്യേകതയാണ്.കട്ടന്‍ ചായയും വെറ്റില മുറുക്കും ഇവരുടെ ഒഴിവാക്കാനാകാത്ത ശീലങ്ങള്‍.
മണ്‍വീടുകള്‍
ഈറ്റയും മുളയും കല്ലും മണ്ണുമാണ് ഇവര്‍ വീടുനിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍. മണ്‍തറയാണ് വീടുകള്‍ക്കുള്ളത്.ഭിത്തിനിര്‍മാണം ഈറ്റയുടെയോ മുളയുടെയോ അഴികൊണ്ടാണ്. അഴികള്‍ക്കിടയില്‍ ചെറിയ കല്ലുകള്‍ പാകും.അതിനു മുകളില്‍ ചെളിമണ്ണ് തേച്ചുപിടിപ്പിക്കും.മേല്‍ക്കൂര ഈറ്റക്കമ്പുകള്‍ കൊണ്ടോ മുളംകമ്പുകള്‍ കൊണ്ടോ ആണു തയാറാക്കുക.ഈറ്റയിലകള്‍കൊണ്ടു മേയും.വീടുകള്‍ക്കു മറയായി ഈറ്റയിലും പുല്ലിലും മതിലുകള്‍ കെട്ടും.കാട്ടുപുല്ലുകൊണ്ടു മേഞ്ഞ വീടുകളും ഇവിടെയുണ്ട്.
വിദ്യാലയം
ഇടമലക്കുടി പഞ്ചായത്തിലെ 24 കുടികളിലെ കുട്ടികള്‍ക്കായി ഒരേയൊരു സര്‍ക്കാര്‍ സ്‌കൂള്‍ മാത്രമാണു പഞ്ചായത്തിലുള്ളത്.പഞ്ചായത്തിന്റെ ആസ്ഥാനമായ സൊസൈറ്റിക്കുടിയിലാണ് ഇടമലക്കുടി ഗവ.ട്രൈബല്‍ എല്‍പിഎസ് എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1972ല്‍ ആണ് ട്രൈബല്‍ എല്‍പിഎസ് നിലവില്‍ വന്നത്.എന്നാല്‍ പലപ്പോഴും അധ്യാപകര്‍ എത്താന്‍ മടിച്ചതിനാല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം താളംതെറ്റി.ചിന്നിച്ചിതറിക്കിടക്കുന്ന മറ്റു കുടികളിലെ കുട്ടികള്‍ക്കായി 13 ബദല്‍ വിദ്യാലയങ്ങളുണ്ട്.ഇവ ഐടിഡിപിയുടെയും മള്‍ട്ടി ഗ്രേഡ് ലേണിങ് സെന്ററിന്റെയും (എംജിഎല്‍സി) കീഴിലാണു പ്രവര്‍ത്തിക്കുന്നത്.ഇതുകൂടാതെ 10 അങ്കണവാടികളുമുണ്ട്.
ചികിത്സ
പ്രാഥമികാരോഗ്യ കേന്ദ്രമില്ലാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്തും ഇടമലക്കുടിയാണ്. ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പിഎച്ച്‌സിക്കു കെട്ടിടം നിര്‍മിച്ചെങ്കിലും ഡോക്ടര്‍മാരെയോ മറ്റു ജീവനക്കാരെയോ ഇതുവരെ നിയമിച്ചിട്ടില്ല.സൊസൈറ്റിക്കുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യ ഉപകേന്ദ്രമാണ് ഇപ്പോള്‍ ഈ പുതിയ പിഎച്ച്‌സി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.പ്രായമായ ഒട്ടേറെ രോഗികള്‍ ഇടമലക്കുടിയിലുണ്ടെങ്കിലും ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ ഒരു സംവിധാനവും നിലവില്‍ ഇടമലക്കുടിയില്‍ ഇല്ല.ഇടമലക്കുടിയില്‍ ടെലിമെഡിസിന്‍ സംവിധാനം സജ്ജമാക്കുമെന്നു വര്‍ഷങ്ങള്‍ക്കു മുന്‍പു പ്രഖ്യാപനമുണ്ടായെങ്കിലും അതും കടലാസിലൊതുങ്ങി. പ്രാഥമികാരോഗ്യകേന്ദ്രം സജ്ജമാക്കുന്നതിനായി മുന്‍പു സര്‍ക്കാര്‍ തീരുമാനമെടുത്ത് ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് തുടങ്ങിയ തസ്തിക സൃഷ്ടിച്ചെങ്കിലും അതും നടപ്പായില്ല.2 ഡോക്ടര്‍മാരെ പിഎസ്സി വഴി നിയമിച്ചെങ്കിലും അവര്‍ ചുമതലയേല്‍ക്കാന്‍ തയാറായില്ല.ഇടമലക്കുടിയിലേക്കുള്ള യാത്ര ദുര്‍ഘടമായതിനാല്‍ ഇവിടെ സേവനമനുഷ്ഠിക്കാന്‍ ആരും തയാറുമല്ല.

