വിണ്ടും അശാന്തിയുടെ അശനിപാതം എരിയുമ്പോൾ കേരളം എങ്ങോട്ട്? രക്തക്കറ പുരണ്ട ഭൂപടങ്ങളും നമ്മുടെ നിശബ്ദതയും

എഡിറ്റോറിയല്‍

നുഷ്യരാശിയുടെ സമാധാനസ്വപ്‌നങ്ങള്‍ക്ക് മേല്‍ യുദ്ധത്തിന്റെ ചുവന്ന പുകപടലങ്ങള്‍ വീണ്ടും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. പശ്ചിമേഷ്യയില്‍ ഇസ്രായേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലും, മറുവശത്ത് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഇടയില്‍ പുകയുന്ന അശാന്തിയും ഒരു പുതിയ ലോകയുദ്ധത്തിന്റെ കാഹളമാണോ മുഴക്കുന്നത് എന്ന് ഭീതിയോടെ നോക്കിനില്‍ക്കുകയാണ് ലോകം. അതിരുകള്‍ നിശ്ചയിക്കുന്ന രാഷ്ട്രീയ വൈരാഗ്യങ്ങള്‍ക്കിടയില്‍ ഹോമിക്കപ്പെടുന്നത് വരുംതലമുറയുടെ സ്വപ്‌നങ്ങളും നിഷ്‌കളങ്കമായ ജീവിതങ്ങളുമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന ചരിത്രപാഠങ്ങള്‍ വിസ്മരിച്ചുകൊണ്ട്, ആയുധക്കച്ചവടക്കാരുടെ ലാഭക്കൊതിക്ക് വിടുപണി ചെയ്യുന്ന ഭരണകൂടങ്ങള്‍ ലോകത്തെ ഒരു മഹാദുരന്തത്തിലേക്കാണ് തള്ളിവിടുന്നത്.


അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങളും ഇറാന്റെ പ്രത്യാക്രമണങ്ങളും കേവലം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് ആഗോള സാമ്പത്തിക-രാഷ്ട്രീയ ക്രമത്തെയാകെ ഉലയ്ക്കുന്ന പ്രകമ്പനങ്ങളാണ്. എണ്ണവിലയിലെ വര്‍ധനവും വിതരണ ശൃംഖലയിലെ തടസ്സങ്ങളും വികസ്വര രാജ്യങ്ങളുടെ നടുവൊടിക്കുമ്പോള്‍, പട്ടിണിയും ദാരിദ്ര്യവും വിതയ്ക്കാനേ ഈ യുദ്ധങ്ങള്‍ ഉപകരിക്കൂ. അഫ്ഗാന്‍-പാക് അതിര്‍ത്തിയിലെ സംഘര്‍ഷമാകട്ടെ, ഏഷ്യന്‍ ഭൂഖണ്ഡത്തിലെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഭീകരവാദത്തിന്റെ നിഴലില്‍ കഴിയുന്ന സാധാരണ ജനതയുടെ ജീവിതം ഈ അധികാര വടംവലികള്‍ക്കിടയില്‍ കൂടുതല്‍ ദുസ്സഹമാവുകയാണ്.

വിദ്വേഷത്തിന്റെ രാഷ്ട്രീയമല്ല, മറിച്ച് മാനവികതയുടെയും നയതന്ത്രത്തിന്റെയും ഭാഷയാണ് ഇന്ന് ലോകത്തിന് അടിയന്തരമായി വേണ്ടത്. ഈ ആഗോള പ്രതിസന്ധി കേരളത്തെ സംബന്ധിച്ചിടത്തോളം കേവലം വാര്‍ത്താചാനലുകളിലെ ദൃശ്യങ്ങളല്ല. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി സമൂഹം അധ്വാനിക്കുന്ന മണ്ണിലാണ് ഈ വെടിയൊച്ചകള്‍ മുഴങ്ങുന്നത്. ഗള്‍ഫ് മേഖലയിലെ അസ്ഥിരത ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളുടെ അടുക്കളകളെ ബാധിക്കും. യുദ്ധഭൂമിയില്‍ നിന്നും തിരിച്ചെത്തുന്നവരുടെ പുനരധിവാസവും തകരുന്ന വിപണികളും നമ്മുടെ സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അതിനാല്‍ തന്നെ, ലോകത്തിന്റെ ഏത് കോണിലുണ്ടാകുന്ന അനീതിക്കെതിരെയും യുദ്ധത്തിനെതിരെയും ശബ്ദമുയര്‍ത്താന്‍ മലയാളിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച്, ലോകസമാധാനത്തിനായി ഒരുമിച്ചു നില്‍ക്കേണ്ട നിമിഷമാണിത്. രക്തം ചിന്താത്ത ഒരു പ്രഭാതത്തിനായി നമുക്ക് കാത്തിരിക്കാം, ഒപ്പം സമാധാനത്തിന്റെ പക്ഷത്ത് ഉറച്ചുനില്‍ക്കാം.

ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട്
ചീഫ് എഡിറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *