കടൽ സുരക്ഷ ശക്തമാക്കാൻ എട്ട് ഡോർണിയർ വിമാനങ്ങൾ; എച്ച്.എ.എല്ലുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു

ന്യൂഡൽഹി: ഇന്ത്യൻ തീരസംരക്ഷണ സേനയുടെ (കോസ്റ്റ് ഗാർഡ്) കരുത്ത് വർദ്ധിപ്പിക്കുന്നതിനായി എട്ട് അത്യാധുനിക ‘ഡോർണിയർ 228’ വിമാനങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) കരാറിൽ ഒപ്പിട്ടു. 2,312 കോടി രൂപയുടേതാണ് ഈ പദ്ധതി. വ്യാഴാഴ്ച (2026 ഫെബ്രുവരി 12) ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

സമുദ്ര നിരീക്ഷണം, കടലിലെ തിരച്ചിലും രക്ഷാപ്രവർത്തനവും (Search and Rescue), മലിനീകരണ നിയന്ത്രണം തുടങ്ങിയ നിർണ്ണായക ദൗത്യങ്ങൾക്കായി ഈ വിമാനങ്ങൾ ഉപയോഗിക്കും.എച്ച്.എ.എല്ലിന്റെ കാൺപൂരിലുള്ള ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് ഡിവിഷനാണ് ഈ എട്ട് വിമാനങ്ങളും നിർമ്മിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെയും പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയുടെയും (Aatmanirbhar Bharat) ഭാഗമായാണ് തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനങ്ങൾ വാങ്ങുന്നത്. ഈ പദ്ധതിയി ലൂടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ (MSME) മേഖലയിൽ നിരവധി നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി കൾക്കും (MRO) സാങ്കേതിക പിന്തുണയ്ക്കുമായി ദീർഘകാല അവസരങ്ങൾ ഇത് വഴി ലഭിക്കും. തീരസംരക്ഷണ സേനയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സമുദ്ര സുരക്ഷാ കവചം കൂടുതൽ ശക്തമാക്കുന്നതിനും ഈ പുതിയ വിമാനങ്ങളുടെ വരവ് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *