മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ 8 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്നയാളെ തെളിവില്ലെന്നു കണ്ട് മോചിപ്പിച്ച് കോടതി. മുംബൈയിലാണ് സംഭവം.നേരിയ അളവില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ് കേസിലെ അതിജീവിത.കുട്ടിയുടെ മൊഴി മറ്റു തെളിവുകളുമായി ഒത്തുപോകുന്നില്ലെന്നു കണ്ടാണ് വിചാരണ കോടതി ജഡ്ജി എന്‍.ഡി.ഖോസെ 56കാരനായ പ്രതിയെ വിട്ടയയ്ക്കാന് വിധിച്ചത്.
പ്രതി കുറ്റം ചെയ്തുവെന്നു സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.2017 ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം നടന്നതായി പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് കേസിലെ പ്രതി.ഇയാള്‍ വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.സംഭവം നടക്കുമ്പോള്‍ കുട്ടിക്ക് 17 വയസായിരുന്നു.അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു കുട്ടിക്ക് പറയാന്‍ കഴിയുന്നില്ലെന്നും മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കുട്ടിയുടെ മൊഴിക്കു വിരുദ്ധമാണെന്നും കോടതി വിധിയില്‍ പറഞ്ഞു.കുട്ടിയുടെ മേല്‍ പ്രതി ലൈംഗികാതിക്രമം നടത്തിയെന്നു സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി.തുടര്‍ന്ന്, പ്രതിയെ എത്രയും വേഗം വിട്ടയയ്ക്കാന് ഉത്തരവിടുകയായിരുന്നു

