രാമപുരം: അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ കൈക്കൊള്ളേണ്ട മുൻകരുതലുകളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനായി രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സ്കൂളിലാണ് പ്രഥമ ശുശ്രൂഷാ സെമിനാർ നടത്തിയത്.
അംബിക വിദ്യാഭവൻ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. പ്രദീഷ് സി.എസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ കേണൽ കെ.എൻ.വി ആചാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അംബിക വിദ്യാഭവൻ ട്രസ്റ്റ് പ്രസിഡന്റ് ഡോ. എൻ.കെ മഹാദേവൻ മുഖ്യതിഥിയായിരുന്നു.
അപകടങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ പകച്ചുനിൽക്കാതെ കൃത്യസമയത്ത് നൽകേണ്ട പ്രാഥമിക ചികിത്സകളെക്കുറിച്ച് മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ എഡ്യൂക്കേറ്റർ മിസ്. നീതു ജോർജ് ക്ലാസ് നയിച്ചു. ജീവൻ രക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ വിദ്യാർത്ഥികൾക്ക് ഇതിലൂടെ പരിചയപ്പെടുത്തി.
ലയൺസ് ക്ലബ് സെക്രട്ടറി ലയൺ രമേശ് ആർ., പ്രോജക്ട് കോർഡിനേറ്റർ ലയൺ മനോജ് കുമാർ മുരളീധരൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ലയൺ വിജയകുമാർ പൊന്തത്തിൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

