എസ്‌ഐആറിനുള്ള ഫോം വിതരണം 97 ശതമാനം തീര്‍ന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍, വാദം തെറ്റെന്ന് പരക്കെ വിമര്‍ശനം

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ്‌ഐആര്‍) എന്യൂമറേഷന്‍ ഫോമിന്റെ വിതരണം ഏതാണ്ട് പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്ത് 97 ശതമാനം ഫോമും വിതരണം ചെയ്തു കഴിഞ്ഞതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഔദ്യോഗികമായി അറിയിച്ചു. അതേസമയം എന്യുമറേഷന്‍ ഫോം ലഭിച്ചില്ലെന്ന പരാതി സംസ്ഥാനത്തു പലയിടത്തും വളരെ വ്യാപകമാണ്. ചില വീടുകളില്‍ മാത്രമല്ല, ചില പ്രദേശങ്ങളില്‍ അപ്പാടെയോ റസിഡന്റ്‌സ് അസോസിയേഷന്‍ ഏരിയകളില്‍ ഭാഗികമായോ ഇനിയും ഫോമുകള്‍ വിതരണം ചെയ്യാന്‍ ശേഷിക്കുന്നുവെന്നാണ് പരാതി ഉയരുന്നത്.

്അതേ സമയം, വോട്ടര്‍ പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന്‍ ഫോമിന്റെ വിതരണം അമിതവേഗത്തിലാക്കിയത് ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ നാളെ വരുമ്പോള്‍ ഫോം വിതരണം സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയതായി കോടതിയെ അറിയിക്കുന്നതിനു വേണ്ടിയുള്ള ഉപായമാണെന്ന ആരോപണവും ഉയരുന്നുണ്ട്. കേരള ഗവണ്‍മെന്റും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും എസ്‌ഐആറിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. നാളെയാണ് അവ പരിഗണിക്കുന്നതിനു സുപ്രീം കോടതി സമയം നിശ്ചയിച്ചിരിക്കുന്നത്. എന്യുമറേഷന്‍ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കുന്നതിനുള്ള തീയതി നീട്ടില്ലെന്ന സൂചനയാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്നത്. ഡിസംബര്‍ നാലിനകമാണ് ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *