ദേവികുളത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി; ഇടമലക്കുടിയിലേക്കുള്ള സംഘങ്ങൾ യാത്ര തിരിച്ചു

മൂന്നാർ/പൈനാവ്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഇടുക്കി ജില്ലയിലെ ദേവികുളം നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. മൂന്നാർ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച വിതരണ കേന്ദ്രത്തിൽ വച്ചാണ് ഉദ്യോഗസ്ഥർക്ക് സാമഗ്രികൾ കൈമാറിയത്. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള പോളിംഗ് സംഘങ്ങൾക്കാണ് ഏറ്റവും മുൻഗണന നൽകിയത്. കഠിനമായ വനപാതകൾ താണ്ടി ബൂത്തുകളിൽ എത്തേണ്ടതിനാൽ ഇടമലക്കുടിയിലേക്കുള്ള സാമഗ്രികളുടെ വിതരണം രാവിലെ തന്നെ പൂർത്തിയാക്കി ഉദ്യോഗസ്ഥർ യാത്ര തിരിച്ചു.

ജില്ലയുടെ മറ്റ് ഭാഗങ്ങളിലും വിതരണ നടപടികൾ ഊർജിതമായി നടന്നു.ഇടുക്കി പൈനാവ് മോഡൽ റെസിഡൻഷ്യൽ സ്കൂളിലും ഉദ്യോഗസ്ഥർക്ക് ആവശ്യമായ വോട്ടിംഗ് യന്ത്രങ്ങളും മറ്റ് അനുബന്ധ രേഖകളും നൽകുന്ന നടപടികൾ സുഗമമായി പുരോഗമിച്ചു.വിതരണ കേന്ദ്രങ്ങളിൽ വരണാധികാരികളുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ടുള്ള മേൽനോട്ടം ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പ്രത്യേക വാഹനങ്ങളിലാണ് പോളിംഗ് സംഘങ്ങൾ അതത് സ്റ്റേഷനുകളിലേക്ക് പോകുന്നത്. ഉയർന്ന മലനിരകളും വനപ്രദേശങ്ങളും ഉൾപ്പെടുന്ന മണ്ഡലമായതിനാൽ അതീവ ജാഗ്രതയോടെയാണ് തിരഞ്ഞെടുപ്പ് വിഭാഗം ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *