വൈദ്യുത തകരാര്‍, വിമാനം ഇടിച്ചിറക്കി; രണ്ട് പേര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പെര്‍ത്ത്: പെര്‍ത്തിലെ ജാന്‍ഡകോട്ട് (Jandakot) വിമാനത്താവളത്തില്‍ ലഘുവിമാനം ഇടിച്ചിറങ്ങിയുണ്ടായ അപകടത്തില്‍ നിന്ന് രണ്ട് പേര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെയായിരുന്നു സംഭവം.

30 വയസ്സുള്ള രണ്ട് യുവാക്കളാണ് ‘എഡിഐ സ്റ്റാലിയന്‍’ (ADI Stallion) എന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്. പറക്കുന്നതിനിടെ വിമാനത്തിന് വൈദ്യുത തകരാര്‍ (eletcrical issues) അനുഭവപ്പെട്ടതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കുന്നതിനിടെ വിമാനത്തിന്റെ മുന്‍ചക്രം (nosewheel) തകരുകയായിരുന്നു. റണ്‍വേയുടെ വശത്തായി വിമാനം മൂക്കുകുത്തി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ (ATS-B) അന്വേഷണം ആരംഭിച്ചു. ഓസ്ട്രേലിയയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ജാന്‍ഡകോട്ടില്‍ 2024 ഏപ്രിലില്‍ ഉണ്ടായ വിമാന അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *