ജറുസലേം: ഇന്ത്യന്‍ വംശജനായ ഇസ്രേലി കാര്‍ഷിക സംരംഭകനും ജനനം കൊണ്ട് ഫോര്‍ട്ട് കൊച്ചി സ്വദേശിയുമായ ഏലിയാഹു ബസലേല്‍ അന്തരിച്ചു. അദ്ദേഹത്തിന് 95 വയസായിരുന്നു. 1955ല്‍ ഇസ്രയേലിലേക്കു കുടിയേറിയെങ്കിലും ജീവിതകാലം മുഴുവന്‍ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ സ്വയം അവതരിപ്പിച്ചിരുന്ന ബസലേലിന് പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി ഇന്ത്യ ആദരിച്ചിരുന്നു. ഇസ്രയേലിലേക്കു കുടിയേറിക്കഴിഞ്ഞും ഇന്ത്യയില്‍ സ്ഥിരമായി വരികയും ബന്ധങ്ങള്‍ സജീവമായി നിലനിര്‍ത്തുകയും ചെയ്തിരുന്നു.
ഇരുപത്തഞ്ചാമത്തെ വയസില്‍ ഇസ്രയേലിലേക്കു കുടിയേറിയ ശേഷം നെഗേവ് എന്ന മരുഭൂമിയില്‍ കൃഷിയിറക്കിയാണ് ഏലിയാഹു ബസലേല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. മരുഭൂമിയില്‍ തുള്ളിയെണ്ണി നനച്ച് കൃഷിയിറക്കുകയും ബമ്പര്‍ വിളവ് നേടുകയും ചെയ്തിരുന്ന ബസലേലിന് 1964ല്‍ അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ലെവി എഷ്‌ഖോല്‍ മികച്ച കയറ്റുമതിക്കാരനുള്ള അവാര്‍ഡ് സമ്മാനിച്ചിരുന്നു. 1994ല്‍ ഇസ്രയേല്‍ ഗവണ്‍മെന്റ് പ്രശസ്തമായ കാപ്ലന്‍ പുരസ്‌കാരവും ഇദ്ദേഹത്തിനു നല്‍കിയിരുന്നു. മരുഭൂമിയില്‍ കൃഷിയിറക്കുന്നതിന് ബസലേല്‍ വികസിപ്പിച്ച രീതികള്‍ ആയിരക്കണക്കിന് ഇസ്രേലികളാണ് പില്‍ക്കാലത്ത് അനുകരിച്ചു വിജയം നേടിയത്.
കാര്‍ഷിക മേഖലയില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്ന നേതാക്കളായ ശരദ് പവാര്‍, എച്ച് ഡി ദേവെഗൗഡ എന്നിവരും പ്രശസ്ത ഇന്ത്യന്‍ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. എം എസ് സ്വാമിനാഥനും ബസലേലിന്റെ കൃഷിയിടം സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഇന്ത്യയില്‍ പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ജേക്കബ് തോമസ് ഐപിഎസിന്റെ മുന്‍കൈയില്‍ ഇന്ത്യയില്‍ നിന്നുള്ള നിരവധി കര്‍ഷകരെ പരിശീലനത്തിന് ഇസ്രയേലിലേക്ക് അയച്ചപ്പോള്‍ അവര്‍ക്ക് ആതിഥ്യമരുളിയിരുന്നതും ബസലേലായിരുന്നു.

