ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടന കേസുമായി ബന്ധപ്പെട്ട് അല്‍ ഫലാഹ് സര്‍വകലാശാലയിലും അതുമായി ബന്ധപ്പെട്ട വ്യക്തികളുടെ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ഡല്‍ഹിയിലും ഫരീദാബാദിലുമായി ഇരുപത്തഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് റെയ്ഡ് ആരംഭിച്ചത്.
സര്‍വകലാശാലയിലെ സാമ്പത്തിക ക്രമക്കേടുകളും ഇഡി അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പുതിയ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി സര്‍വകലാശാല ചെയര്മാന് ജാവേദ് അഹമ്മദ് സിദ്ദിഖിയെ ഇഡി ചോദ്യം ചെയ്യുകയാണിപ്പോള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒളിവിലായിരുന്ന സിദ്ദിഖിയെ രഹസ്യ വിവരത്തെ തുടര്‍ന്ന് വീട്ടിലെത്തിയാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
1992ല്‍ അല്‍ ഫലാഹ് ഇന്‍വസ്റ്റ്മെന്റ് കമ്പനിയുടെ ഡയറക്ടറായ സിദ്ദിഖി പിന്നീടം അല്‍ ഫലാഹ് എന്ന പേരില്‍ ട്രസ്റ്റ് സ്ഥാപിക്കുകയായിരുന്നു. ഹലാല്‍ നിക്ഷേപമെന്ന പേരില്‍ വ്യക്തികളെ കബളിപ്പിച്ചതിന് ഡല്‍ഹി പോലീസ് ഇയാള്‍ക്കെതിരേ വഞ്ചനാ കേസ് രജിസ്്റ്റര്‍ ചെയ്തിരുന്നു. ജയ്ഷെ മുഹമ്മദുമായുള്ള ബന്ധം പുറത്തു വന്നതിനെ തുടര്‍നന് അസോസിയേഷന് ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസ് അല്‍ ഫലാഹിന്റെ അംഗത്വം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഡല്‍ഹി പോലീസും യൂണിവേഴ്സിറ്റിക്കെതിരേ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടാമത്തെ കേസ് വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടുള്ളതാണ്. യുജിസി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കേസ്.

