കൊച്ചി: മെട്രോ നഗരത്തിലെ ഗ്രാമഭംഗി ഇനി ഗതാഗത തടസങ്ങളില്ലാതെ ആസ്വദിക്കാം. കടമക്കുടി പഞ്ചായത്തിലെ പാലിയംതുരുത്ത്, വലിയ കടമക്കുടി, നോര്‍ത്ത് മുളവുകാട് ദ്വീപുകളിലെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കടമക്കുടി, മുളവുകാട് ദ്വീപുകളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഇനി റോഡിലെ ഗതാഗത കുരുക്കില്‍ നിന്നും മോചനം ലഭിക്കും.
ഫോര്‍ട്ട് കൊച്ചി, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുമെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മുളവുകാട്, കടമക്കുടി, ചേരാനല്ലൂര്‍, വരാപ്പുഴ തുടങ്ങിയ ദ്വീപുകളിലേക്ക് വാട്ടര്‍ മെട്രോയിലൂടെ എളുപ്പം എത്താന്‍ കഴിയും. പൂര്‍ത്തിയായ മെട്രോ ടെര്‍മിനലുകളുടെ ഉദ്ഘാടനം ഉടന്‍ ഉണ്ടാകും.
നിലവില്‍ വൈറ്റില, ഹൈകോര്‍ട്ട്, വൈപ്പിന്‍, കാക്കനാട്, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, ഫോര്‍ട്ട് കൊച്ചി, വില്ലിംഗ്ടണ്‍ ഐലൻഡ്, മട്ടാഞ്ചേരി തുടങ്ങി 10 വാട്ടര്‍ മെട്രോ സ്റ്റേഷനുകളാണ് ഉള്ളത്. അതേസമയം, വാട്ടര്‍ മെട്രോ മാതൃകയാക്കാനായി എട്ടു സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും സാധ്യത പഠനത്തിനായി സമീപിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.

