എറണാകുളം: പാലിയേറ്റീവ് പരിചരണം ആവശ്യമായ രോഗികൾക്ക് പിന്തുണ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പാലിയേറ്റീവ് കെയർ (കേരള കെയർ) പദ്ധതിയിൽ കൂടുതൽ പേർ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക.
‘പാലിയേറ്റീവ് കെയർ’ പദ്ധതിയുമായി ബന്ധപ്പെട്ട വളണ്ടിയർ രജിസ്ട്രേഷൻ ക്യാമ്പയിനിന്റെ ഭാഗമായി റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, എൻ.എസ്.എസ് വളണ്ടിയർമാർ – പ്രോഗ്രാം ഓഫീസർമാർ, എൻ.ജി.ഒ പ്രതിനിധികൾ, യുവജന ക്ലബ്ബ് ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
നമുക്ക് ചുറ്റും പാലിയേറ്റീവ് പരിചരണം ആവശ്യമുള്ള നിരവധി പേരുണ്ട്. അവർക്കും കുടുംബത്തിനും ആവശ്യമായ പിന്തുണ നൽകി ആശ്വാസമേകാൻ നമുക്ക് കഴിയണം. ആരോഗ്യരംഗത്ത് കേരളം വലിയ മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അത് ആവർത്തിക്കണം. അതിനായി കൂടുതൽ സന്നദ്ധ പ്രവർത്തകർ മുന്നോട്ട് വരണമെന്നും കളക്ടർ പറഞ്ഞു.
താനും സന്നദ്ധ പ്രവർത്തകയായി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഓരോ സന്നദ്ധ പ്രവർത്തകർക്കും കൃത്യമായ പരിശീലനം നൽകും. ഓരോ സന്നദ്ധപ്രവർത്തകരും ചെയ്യുന്ന സേവനം കൃത്യമായി ക്രഡിറ്റ് സിസ്റ്റത്തിൽ എന്നപോലെ രേഖപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.

