വിജയിന്റെ പത്രികയിൽ പിഴവ്: കേസുകളുടെ വിവരങ്ങളിൽ പൊരുത്തക്കേട്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിന്റെ നാമനിർദേശ പത്രികയിൽ വന്ന പിഴവുകൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. താൻ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകളിലെ വിവരങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ സമർപ്പിച്ച പത്രികയിൽ തനിക്കെതിരെ കേസുകളൊന്നുമില്ലെന്നാണ് വിജയ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സമർപ്പിച്ച പത്രികയിൽ തനിക്കെതിരെ രണ്ട് കേസുകൾ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ പൊരുത്തക്കേടാണ് പത്രികയിൽ വന്ന പ്രധാന പിഴവ്.2025-ൽ മധുരയിൽ നടന്ന ടിവികെ സമ്മേളനവുമായി ബന്ധപ്പെട്ടതാണ് ഒരു കേസ്. സമ്മേളനത്തിനിടെ റാമ്പിൽ കയറാൻ ശ്രമിച്ച യുവാവിനെ ബൗൺസർമാർ തള്ളിയിട്ട സംഭവത്തിലാണ് പോലീസ് കേസെടുത്തത്. 2025 ഓഗസ്റ്റ് 21-നാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്. പെരമ്പൂരിലെ പത്രികാ സമർപ്പണത്തിന് ശേഷമാണ് രണ്ടാമത്തെ കേസ് ഉണ്ടായതെന്നാണ് പത്രികയിൽ സൂചിപ്പിക്കുന്നത്.

വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയ സാഹചര്യത്തിൽ പെരമ്പൂർ മണ്ഡലത്തിൽ വിജയിന് പുതിയ നാമനിർദേശ പത്രിക സമർപ്പിക്കേണ്ടി വരും. വരും ദിവസങ്ങളിൽ (ശനി, തിങ്കൾ) പത്രിക സമർപ്പിക്കാൻ അവസരമുണ്ട്. പെരമ്പൂരിൽ നിലവിൽ രണ്ട് സെറ്റ് പത്രികകൾ മാത്രമാണ് വിജയ് നൽകിയിട്ടുള്ളത്. കേസുകളുടെ വിവരം കൃത്യമായി രേഖപ്പെടുത്തി പുതിയ പത്രിക നൽകിയില്ലെങ്കിൽ സൂക്ഷ്മപരിശോധനാ വേളയിൽ പത്രിക തള്ളപ്പെടാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *