ദാവോസ്: ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ പുതിയ തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യൂറോപ്യന്‍ കമീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയെന്‍. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ തീരുവ ചുമത്തില്ലെന്ന് കഴിഞ്ഞ വര്‍ഷം പറഞ്ഞ ട്രംപിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
യൂറോപ്യന്‍ യൂനിയനും അമേരിക്കയും തമ്മില്‍ കഴിഞ്ഞ ജൂലൈയില്‍ വ്യാപാര കരാറുണ്ടാക്കിയിരുന്നു. വ്യാപാരത്തിലായാലും രാഷ്ട്രീയത്തിലായാലും കരാര്‍ കരാര്‍ തന്നെയാണെന്ന് ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു. അമേരിക്കന്‍ ജനതയെ സഖ്യകക്ഷികളായി മാത്രമല്ല, സുഹൃത്തുക്കളുമായാണ് തങ്ങള്‍ കാണുന്നത്. യു.എസ് തീരുവയോടുള്ള യൂറോപ്യന്‍ യൂനിയന്റെ പ്രതികരണം ഉചിതമായ രീതിയിലും തുല്യ അളവിലുമായിരിക്കുമെന്നും ഉര്‍സുല വോണ്‍ ദെര്‍ ലെയെന്‍ കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പ്രഖ്യാപനം യൂറോപ്പിലുടനീളം പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഉ ചിതമായ തിരിച്ചടിയെക്കുറിച്ച് രാജ്യങ്ങള്‍ ആലോചിച്ചുവരികയാണ്. പുതിയ പകരത്തീരുവ, യു.എസ്-ഇ.യു വ്യാപാര കരാര്‍ റദ്ദാക്കുക, യൂറോപ്യന്‍ യൂനിയനുമേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപരോധിക്കുന്ന ‘ട്രേഡ് ബസൂക്ക’ എന്ന നടപടി പ്രാബല്യത്തിലാക്കല്‍ എന്നിവയാണ് യൂറോപ്യന്‍ യൂനിയനുമുന്നിലുള്ള വഴികള്‍.
ജി7 രാജ്യങ്ങളുടെ യോഗം ഈ ആഴ്ച പാരിസില്‍ നടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സൂചിപ്പിച്ചു. ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമായ യൂറോപ്പ് വേണമെന്ന് ഡെന്മാര്ക്ക് മന്ത്രി മാരീ ജെറെ പറഞ്ഞു.

