കോപ്പൻഹേഗൻ: ഉത്തരധ്രുവ മേഖലയിൽ സുരക്ഷ വർധിപ്പിക്കാനായി യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലാൻഡിൽ സൈന്യത്തെ വിന്യസിക്കുന്നു. ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ സ്വന്തമാക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് ഈ നീക്കം.
ഗ്രീൻലാൻഡിന്റെയും ഉത്തരധ്രുവത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്കു കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിനെ ബോധ്യപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു പറയുന്നു.
അമേരിക്കയുടെ ഭാഗമായില്ലെങ്കിൽ റഷ്യയും ചൈനയും ഗ്രീൻലാൻഡിനെ സ്വന്തമാക്കുമെന്നാണു ട്രംപ് പറയുന്നത്. ഗ്രീൻലാൻഡിനെ വില കൊടുത്തു വാങ്ങിയോ സൈനിക നടപടിയിലൂടെയോ അമേരിക്കയോടു കൂട്ടിച്ചേർക്കുമെന്നാണ് ട്രംപിന്റെ നിലപാട്. രണ്ടും അംഗീകരിക്കില്ലെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡും വ്യക്തമാക്കിയിട്ടുണ്ട്.
ജർമനി, ഫ്രാൻസ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ ഗ്രീൻലാൻഡിലേക്കു സൈന്യത്തെ അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സൈനികരുടെ എണ്ണം കുറവാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളുടെ നീക്കം ട്രംപിനുള്ള വ്യക്തമായ സന്ദേശമാണ്. ഈ യൂറോപ്യൻ രാജ്യങ്ങൾ ഈ വർഷം ഗ്രീൻലാൻഡിൽ വൻ സൈനികാഭ്യാസം നടത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

