ടിക് ടോക്കിനെതിരെ യൂറോപ്യൻ യൂണിയന്റെ നടപടി; ‘അഡിക്റ്റീവ് ഡിസൈൻ’ മാറ്റാൻ നിർദ്ദേശം

ബ്രസ്സൽസ്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവാക്കളെ ആകർഷിക്കുന്ന ടിക് ടോക്കിന്റെ അടിസ്ഥാന ഡിസൈൻ നിയമവിരുദ്ധമാണെന്ന് യൂറോപ്യൻ യൂണിയൻ. ആപ്പിലെ ‘അഡിക്റ്റീവ് ഡിസൈൻ’ (Addictive Design) ഫീച്ചറുകൾ വഴി യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സർവീസ് ആക്ട് (DSA) ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ കമ്മീഷൻ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചത്. കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യത്തിന് ആപ്പ് വലിയ ഭീഷണിയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

ടിക് ടോക്കിലെ ഇൻഫിനിറ്റ് സ്ക്രോളിംഗ് (Infinite Scroll), ഓട്ടോപ്ലേ (Autoplay), പുഷ് നോട്ടിഫിക്കേഷൻസ്, ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വീഡിയോകൾ എത്തിക്കുന്ന പേഴ്സണലൈസ്ഡ് റെക്കമെൻഡർ സിസ്റ്റം എന്നിവ ഉപയോക്താക്കളെ ആപ്പിന് അടിമകളാക്കുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം ഫീച്ചറുകൾ ഉപയോക്താക്കളുടെ സ്വയം നിയന്ത്രണം നഷ്ടപ്പെടുത്തുകയും ‘ഓട്ടോ പൈലറ്റ് മോഡിലേക്ക്’ തലച്ചോറിനെ മാറ്റുകയും ചെയ്യുന്നുവെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. പ്രത്യേകിച്ച് അർദ്ധരാത്രിക്ക് ശേഷമുള്ള കുട്ടികളുടെ അമിതമായ ആപ്പ് ഉപയോഗം നിയന്ത്രിക്കാൻ ടിക് ടോക്കിന് സാധിച്ചിട്ടില്ലെന്ന് കമ്മീഷൻ വക്താവ് തോമസ് റെനിയർ പറഞ്ഞു.

ഇതേത്തുടർന്ന് ഇൻഫിനിറ്റ് സ്ക്രോളിംഗ് നിർത്തലാക്കുക, രാത്രികാലങ്ങളിൽ സ്ക്രീൻ ടൈം ബ്രേക്കുകൾ നിർബന്ധമാക്കുക തുടങ്ങിയ മാറ്റങ്ങൾ വരുത്താൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കമ്പനിയുടെ ആഗോള വാർഷിക വരുമാനത്തിന്റെ ആറ് ശതമാനം വരെ പിഴയായി ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നാൽ യൂറോപ്യൻ കമ്മീഷന്റെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധമാണെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി തങ്ങൾ മികച്ച സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് ടിക് ടോക്കിന്റെ പ്രതികരണം. നിയമപരമായി ഇതിനെ നേരിടുമെന്നും കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *