ന്യൂഡല്‍ഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു. യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉർസുല വോണ്‍ ഡെര്‍ ലെയനും, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും സംയുക്തമായി ഈ വര്‍ഷത്തെ പരേഡിൽ മുഖ്യാതിഥികളായി പങ്കെടുക്കും. യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് ഉന്നത നേതാക്കള്‍ ഒരേസമയം ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങുകളില്‍ അതിഥികളായി എത്തുന്നത്.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെ അടിവരയിടുന്നതാണ് നീക്കം. പരേഡില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഒരു സൈനിക സംഘവും ഇത്തവണ പങ്കുചേരുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിന് തൊട്ടുപിന്നാലെ, ജനുവരി 27-ന് നടക്കുന്ന 16-ാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ നിര്‍ണായകമായ സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

