ജാതിയില്ലാ വിളംബരം പ്രഖ്യാപിച്ച കേരളത്തിൽ, ഉയർന്ന വിദ്യാഭ്യാസമുള്ള യുവാക്കൾ പോലും ഇന്നും ജാതി തിരിച്ചുള്ള മാട്രിമോണി സൈറ്റുകളെ ആശ്രയിക്കുന്നത് വലിയ വിരോധാഭാസമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് നേടിയ പ്രശസ്ത ചിന്തകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദിനെ ആദരിക്കുന്ന സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തം കെ.ഇ.എന്നിന്റെ സവിശേഷതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിക്കറ്റ് സർവകലാശാലയിലെ ഇ.എം.എസ്. ചെയർ ഫോർ മാർക്സിയൻ സ്റ്റഡീസ് ആൻഡ് റിസർച്ചാണ് രണ്ടു ദിവസത്തെ ഈ പരിപാടി സംഘടിപ്പിച്ചത്.
എഴുത്തുകാരൻ അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ വി.ഐ. ലെനിനിന്റെ ദാർശനികക്കുറിപ്പുകൾ എന്ന പുസ്തകം എം.എ. ബേബി പ്രകാശനം ചെയ്തു. ചടങ്ങിൽ ഡോ. കെ.എം. അനിൽ, പി. അശോകൻ ഉൾപ്പെടെയുള്ള പ്രമുഖർ സംസാരിക്കുകയും തുടർന്ന് അഭീഷ് ശശിധരൻ ആവിഷ്കരിച്ച നാടകാവതരണം നടക്കുകയും ചെയ്തു. വിവിധ സർവകലാശാല പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത പരിപാടി വ്യാഴാഴ്ച സമാപിക്കും.

