മുംബൈ: സ്പേസ് എക്സ് സ്ഥാപകൻ ഇലോണ്‍ മസ്കിന്റെ പേരിൽ മുംബൈ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. സമൂഹ മാധ്യമമായ എക്സിലൂടെ ആയിരുന്നു ഇലോൺ മസ്കിന്റെ പേരിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയത്.
മുംബൈയിലെ ചെമ്പൂരിൽ താമസിക്കുന്ന 40 വയസുകാരിക്കാണ് പണം നഷ്ടമായത്. എക്സിൽ ഇലോൺ മസ്കിന്റെ പേരിൽ യുവതിയുമായി പരിചയം സ്ഥാപിച്ച തട്ടിപ്പ് സംഘം തുടർന്ന് മറ്റൊരു മെസേജിംഗ് ആപ്പിലേക്ക് വരാൻ പറഞ്ഞ് അവിടെയും ചാറ്റ് ചെയ്തു. വിവാഹം കഴിക്കാമെന്നും അമേരിക്കയിൽ പുതിയ ജീവിതം നൽകാമെന്നും ഉൾപ്പെടെയാണ് യുവതിക്ക് നൽകിയ വാഗ്ദാനങ്ങൾ. തുടർന്ന് വിസ നടപടിക്രമങ്ങൾക്കായി ജെയിംസ് എന്നയാളെ പരിചയപ്പെടുത്തി. ജെയിംസ് വിസ പ്രോസസിംഗ് ഫീസെന്ന് പറഞ്ഞ് അമസോൺ ഗിഫ്റ്റ് കാർഡുകൾ യുവതിയിൽ നിന്ന് വാങ്ങി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ 16.34 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് യുവതി നൽകിയത്.
ജനുവരി 15ന് അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റിനായി യുവതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. പണം നൽകാനാവില്ലെന്ന് വ്യക്തമാക്കിയതോടെ അമേരിക്ക കാണില്ലെന്ന് മറുപടി നൽകിയ തട്ടിപ്പ് സംഘം പിന്നീട് പ്രതികരിച്ചിട്ടില്ല.

