മീനൂട്ടിയുടെ കഴുത്തില്‍ താലി വീണു…. അതു മൊബൈലില്‍ വീഡിയോ കാള്‍ വഴി കണ്ടു നിന്ന ചന്ദ്രമോഹന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി
തോളില്‍ ഒരു കരം പതിഞ്ഞതറിഞ്ഞു….അയാള്‍ തിരിഞ്ഞു നോക്കി… ഉസ്മാനിക്കയാണ്…
ഇന്ന് ചന്ദ്രമോഹന്റെ മകളുടെ വിവാഹം ആയിരുന്നു….
‘നീ വിഷമിക്കേണ്ട… ചന്ദ്രാ… എന്തായാലും കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു വല്ലോ… നമ്മുടെയൊക്കെ വിധി ഇങ്ങനെ ആണ്… നമ്മള്‍ ഇത്തിരി സങ്കടപ്പെട്ടാലും വീട്ടുകാര്‍ സന്തോഷിക്കുന്നുണ്ടല്ലോ….അങ്ങനെ സമാധാനിക്കു മോനെ….
ഇപ്പോള്‍ ലക്ഷങ്ങളുടെ ബാധ്യതക്കാരനാണ് ചന്ദ്രമോഹന്‍…അതുകൊണ്ട് തന്നെ നാട്ടിലെത്താന്‍ കഴിഞ്ഞില്ല…
എങ്കിലും മകളുടെ വിവാഹം ഭംഗിയായി നടത്താനുള്ള ഏര്‍പ്പാടുകളൊക്കെ അയാള്‍ ചെയ്തു….അതിനു വേണ്ടി പലരില്‍ നിന്നും കടം വാങ്ങി…
ഇവിടെ ഈ മണല്‍ നഗരത്തില്‍ പ്രവാസിയായിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി….ഏതൊരു പ്രവാസിയെയും പോലെ അയാള്‍ക്കും ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു….
സ്വന്തമായി ഒരു വീട്….മക്കളുടെ വിദ്യാഭ്യാസം… അവരുടെ വിവാഹം.. അങ്ങനെ ഒരുപാട്….വീടുപണി പൂര്‍ത്തിയായിട്ടില്ല.. എങ്കിലും ആ വീട്ടിലാണ് ഭാര്യയും മക്കളും താമസിക്കുന്നത്… ആരും ഇറങ്ങിപ്പോകാന്‍ പറയില്ലല്ലോ….
കുടുംബത്തിലായിരുന്നു എല്ലാവരും… സഹോദരിമാരെയൊക്കെ വിവാഹം കഴിപ്പിച്ചയക്കുന്നതിനിടയില്‍ അയാള്‍ സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കാന്‍ മറന്നു….ഒരുപാട് സ്‌നേഹിച്ചു വളര്‍ത്തി പഠിപ്പിച്ചു വിവാഹം കഴിപ്പിച്ചയച്ച സഹോദരിമാരൊന്നും ഇപ്പോള്‍ തിരിഞ്ഞു പോലും നോക്കില്ല..
ഒടുവില്‍ കുടുംബം ഭാഗം വച്ചപ്പോള്‍ കിട്ടിയ ഒരു ചെറിയ ഓഹരി വില്‍ക്കേണ്ടി വന്നു കടബാധ്യതകള്‍ തീര്‍ക്കാന്‍…എന്നിട്ടും കടങ്ങള്‍ തീര്‍ന്നിട്ടില്ല….അങ്ങനെ ഒരായിരം പ്രതീക്ഷകളുമായി കടല്‍ കടന്നു…. പക്ഷെ ഇന്നും തീരം കാണാതെ തുഴഞ്ഞു കൊണ്ടിരിക്കുന്ന ഒരു തോണിക്കാരനാണ് ചന്ദ്ര മോഹന്‍…
രണ്ടു പെണ്‍കുട്ടികള്‍ ആണ് ചന്ദ്രമോഹനുള്ളത്…മൂത്തമകളായ മീനാക്ഷിയുടെ വിവാഹം ആയിരുന്നു ഇന്ന്… ഇളയ ആള്‍ രേവതി ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുന്നു…. ഭാര്യ വരദ….
വീടുപണി ഇനിയും കഴിയാനുണ്ട്…. അതിനായി ശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് മീനാക്ഷിക്കു അനുയോജ്യമായ ഒരു വിവാഹം ഒത്തുവന്നത്…എന്തായാലും അതു ഭംഗിയായി നടന്നുവല്ലോ…..
അയാള്‍ ഒരു ദീര്‍ഘ നിശ്വാസത്തോട് കൂടി ഫോണിലേക്കു കണ്ണും നട്ടിരുന്നു…എല്ലാവരുമായും സംസാരിച്ചു…കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിലും മീനുവിന്റെ മുഖത്തു കണ്ട നിറഞ്ഞ സന്തോഷം അയാളെ ആശ്വാസ ഭരിതനാക്കി….
വരദ യുടെ മുഖത്തും ആശ്വാസമുണ്ടായിരുന്നു… എങ്കിലും അവളുടെ ഉള്ളില്‍ സങ്കട ക്കടല്‍ തിരയടിക്കുന്നുണ്ടാവുമെന്ന് അയാള്‍ക്കറിയാമായിരുന്നു…
അന്നത്തെ ദിവസം അയാള്‍ക്കുറങ്ങാനായില്ല…..മക്കളെ കുറിച്ച് ആലോചിക്കുകയായിരുന്നു അയാള്‍..അവരുടെ വളര്‍ച്ച കാണാന്‍ കഴിഞ്ഞില്ല… പിറന്നാളുകള്‍ കൂടുവാന്‍ കഴിഞ്ഞില്ല..താന്‍ എത്ര കഷ്ടപ്പെട്ടാലും.ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല ഇതുവരെ …എങ്കിലും ഇടയ്ക്ക് വിളിക്കുമ്പോള്‍ രേവതി പരാതി പറയും…
അച്ഛനെ കാണാത്തതിലുള്ള സങ്കടം പറയും….മീനുട്ടി അങ്ങനെ അല്ല… അവള്‍ കുഞ്ഞായിരുന്നപ്പോഴേ നല്ല പക്വത ആയിരുന്നു…അതുകൊണ്ട് തന്നെ വിളിക്കുമ്പോഴെല്ലാം തന്നെ സന്തോഷിപ്പിക്കാന്‍ തമാശകളൊക്കെ പറഞ്ഞു അവള്‍ പൊട്ടിച്ചിരിക്കും….
തന്റെ പൊന്നുമോള്‍….തന്റെ ആദ്യത്തെ കണ്മണി ഇന്നൊരു വധുവായി…ഭാര്യയായി.. മറ്റൊരു വീട്ടിലേക്കു പോയി…. ആ സന്തോഷം നിറഞ്ഞ നിമിഷങ്ങളില്‍ താന്‍ അവിടെ ഇല്ലാതെ പോയല്ലോ….
‘നീ ഇതു വരെ ഉറങ്ങിയില്ലേ ചന്ദ്രാ ‘
ഉസ്മാനിക്കയുടെ ചോദ്യം….
‘ഉറക്കം വരുന്നില്ല ഇക്ക…. ഓരോന്ന് ആലോചിച്ചു കിടക്കുവായിരുന്നു…’
‘എന്തിനാ വെറുതെ ഓരോന്ന് ആലോചിച്ചു സങ്കടപ്പെടുന്നേ… ഓര്‍ത്താല്‍ സഹിക്കാന്‍ പറ്റാത്ത പല കാര്യങ്ങളും ഉണ്ടാകും…
നീ എന്റെ കാര്യം തന്നെ ഒന്നു ഓര്‍ത്തു നോക്ക്… എന്റെ പൊന്നുമോനെ അവസാനമായിട്ടൊന്നു കാണാന്‍ പോലും പറ്റാതെ ഞാനിവിടെ ‘….
പറഞ്ഞു വന്നത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഉസ്മാനിക്കാ നെഞ്ചു തടവി… അയാള്‍ പെട്ടെന്ന് വിങ്ങികരഞ്ഞു….ചന്ദ്രമോഹന് അയാളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നു മനസ്സിലായില്ല…
ആറു മാസങ്ങള്‍ക്ക് മുന്‍പ്……..
പുതിയ ബൈക്ക് വേണമെന്ന് പറഞ്ഞു മാസങ്ങള്‍ക്ക് മുന്‍പേ വാശി പിടിച്ചിരുന്നു ഉസ്മാനിക്കയുടെ മകന്‍ അഫ്‌സല്‍… മലപ്പുറം കാരനാണ് ഉസ്മാനിക്ക…..
ചന്ദ്രമോഹനെ പ്പോലെ തന്നെ ഒരുപാട് പ്രാരാബ്ദമുള്ളൊരു പ്രവാസിയായിരുന്നു ഉസ്മാനിക്കയും… മൂന്നു പെണ്മക്കളെ വിവാഹം കഴിപ്പിച്ചയച്ചു.. ഒരേയൊരു മകനാണ് ഏറ്റവും ഇളയവനായ അഫ്‌സല്‍…
ഏക മകന്റെ സന്തോഷത്തിനു വേണ്ടി ഒടുവില്‍ ബൈക്ക് വാങ്ങാനുള്ള പണം അയച്ചു കൊടുത്തു….അതേ ബൈക്ക് തന്നെ അവന്റെ ജീവനെടുത്തു.. ഒരു ലോറി യുമായി കൂട്ടിയിടിച്ചു അഫ്‌സല്‍ ഈ ലോകത്തോടു വിട പറഞ്ഞു..
അവനെ അവസാനമായി ഒന്നു കാണാന്‍ പോകാനുള്ള സാഹചര്യം അന്നുണ്ടായില്ല… മാസങ്ങളെടുത്തു ആ ദുരന്തത്തില്‍ നിന്നും ഉസ്മാനിക്ക കര കയറാന്‍…
‘ആ പോട്ടെ മോനെ… ജ്ജ് വിഷമിക്കാതെ ‘
എല്ലാം പടച്ചോന്‍ നേരെയാക്കിത്തരും…
സ്വന്തം സങ്കടം അടക്കി അയാള്‍ ചന്ദ്രമോഹനെ ആശ്വസിപ്പിച്ചു..
മകനെ ഓര്‍ത്തു വിങ്ങുന്ന ആ പിതൃഹൃദയത്തിന്റെ വേദന കണ്ടു നില്‍ക്കാനാവാതെ അയാള്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു…പകല്‍ സമയത്തു എല്ലു മുറിയെ പണിയെടുത്തു രാത്രിയില്‍ ചിന്തകളുടെ ലോകത്ത് വിഹരിച്ചു വേദനിക്കുകയും …
വീട്ടുകാര്‍ക്ക് വേണ്ടി ജീവിക്കുകയും..അവര്‍ക്കു വേണ്ടി സ്വപ്‌നം കാണുകയും ചെയ്യുന്ന ഓരോ പ്രവാസിയും ഇങ്ങനെ പല തരത്തില്‍ ഉരുകിത്തീരുന്നു….. ജീവിതം മരുഭൂവിലെ മണല്‍ പോലെ ചുട്ടു പഴുത്തു കിടക്കുന്നു…. ആ തീച്ചൂളയില്‍ നിന്നും മോചനം നേടുമ്പോഴേക്കും ജീവിതത്തിന്റെ മനോഹര കാലഘട്ടങ്ങളെല്ലാം നഷ്ടമായിട്ടുണ്ടാകും…..
പ്രവാസജീവിതം തന്നെയൊരു കടംകഥയാണ്. അനുഭവിച്ചാല്‍ മാത്രം ഉത്തരം കണ്ടെത്താന്‍ ചിലപ്പോള്‍ കഴിയുന്നൊരു കടംകഥ


