റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ സ്ഫോടനം. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. ഹസാരിബാഗിലെ ബാര ബസാർ ടോപ്പ് ഏരിയയ്ക്ക് കീഴിലുള്ള ഹബീബ് നഗറിലാണ് സ്ഫോടനം ഉണ്ടായത്. ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചതെന്നും സ്ഫോടനത്തിന്റെ കാരണം കണ്ടെത്തിവരികയാണെന്നും പോലീസ് പറഞ്ഞു. പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടന കാരണം വ്യക്തമല്ലായെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്ഫോടനം ഉണ്ടായ സ്ഥലം പോലീസ് സീൽ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി ഫോറൻസിക് സയൻസ് സംഘത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

