ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്കു സമീപം നാടിനെ നടുക്കിയ സ്ഫോടനത്തിനുപയോഗിച്ചത് ട്രൈ അസിറ്റോണ്‍ ട്രൈ പെറോക്സൈഡ് (ടിഎടിപി) എന്ന സ്ഫോടകവസ്തുവായിരിക്കാം എന്ന നിഗമനത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുന്നു. പ്രത്യേക ഡിറ്റണേറ്റര്‍ ഇല്ലാതെ തന്നെ നിശ്ചിത തോതില്‍ കൂടിയ ചൂടേറ്റാല്‍ പൊട്ടിത്തെറിക്കുന്നയിനം സ്ഫോടക വസ്തുവാണിത്. സാത്താന്റെ മാതാവ് എന്നാണിതിന്റെ പ്രഹര ശേഷികൊണ്ട് സാധാരണയായി ഇതിനെ വിളിക്കുന്നത്. അമോണിയം നൈട്രേറ്റ് ആയിരിക്കാം സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന ധാരണയിലായിരുന്നു ആദ്യം അന്വേഷണം മുന്നോട്ടു കൊണ്ടുപോയിരുന്നത്. എന്നാല്‍ ഡിറ്റണേറ്ററിന്റെ സാന്നിധ്യം ഇതുവരെ വെളിപ്പെടാത്തതിനാലാണ് മറിച്ചുള്ള അനുമാനങ്ങളിലേക്ക് അന്വേഷകര്‍ പോകുന്നത്.
വളരെ വലിയ പ്രതികരണ ശേഷിയാണ് ടിഎടിപിക്കുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ഘര്‍ഷണം, മര്‍ദം, താപനിലയിലെ വര്‍ധനവ്, എന്നിങ്ങനെ ഭൗതിക സാഹചര്യത്തില്‍ വരുന്ന പലതരം മാറ്റങ്ങള്‍ ഇതിന്റെ സ്ഫോടനത്തിനു കാരണമാകും. നിയമവിരുദ്ധ ബോംബ് നിര്‍മാണത്തിനായി വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് ടിഎടിപിക്ക് സാത്താന്റെ മാതാവ് എന്നു വിളിപ്പേരു വന്നിരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ലോകത്തെ അതിമാരകമായി മാറിയ പല സ്ഫോടനങ്ങള്‍ക്കും പിന്നില്‍ ടിഎടിപിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പോരെങ്കില്‍ ഡല്‍ഹി സ്ഫോടനത്തിന് തുര്‍ക്കി ബന്ധവും തെളിഞ്ഞുവരികയാണ്.

