നിറം മങ്ങിയ കാഴ്ചകള്‍

നിറം മങ്ങി തുടങ്ങുമ്പോള്‍ വസ്തുക്കളോടുള്ള ഇഷ്ടങ്ങളും കുറയന്നത് പോലെ ആത്മാര്‍ത്ഥത മായുമ്പോള്‍ ബന്ധങ്ങളോടുള്ള മതിപ്പും കുറയുന്നു.സ്വന്തം അച്ഛനോടും അമ്മയോടും പോലും ആത്മാര്‍ത്ഥത ഇല്ലാത്ത ലോകം ആണ് ഇന്ന് നമുക്ക് ചുറ്റും കാണുന്നത്.മക്കള്‍ മാതാപിതാക്കളെയും, മാതാപിതാക്കള്‍ മക്കളെയും കൊല്ലുന്നു, ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊല്ലുന്നു.കൂടപ്പിറപ്പുകള്‍ പരസ്പരം തമ്മില്‍ തല്ലി ചാകുന്നു.പിഞ്ചു കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പോലും മേനി അഴക് ആസ്വദിക്കുന്ന കാട്ടാളന്മാര്‍. ഇത്തരത്തില്‍ അധഃപതിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തെ മാറ്റിയെടുക്കാന്‍ ഇനി ഒരു നന്മക്കും കഴിയില്ല എന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു സമൂഹം.

നിങ്ങളുടെ ചിന്തകള്‍ക്ക് അനുസൃതമായി ഈ ആധുനികതയുടെ മറവില്‍ സമൂഹബോധം എന്നൊന്ന് എങ്ങോ ഒളിച്ചുപോയിരിക്കുന്നു.ഒരു കൈ നീട്ടാനോ, ഒരു വാക്ക് ആശ്വാസം നല്‍കാനോ ആരുമില്ലാത്ത,സ്വാര്‍ത്ഥതയുടെ കോട്ടകളാല്‍ ബന്ധിക്കപ്പെട്ട ജീവിതങ്ങള്‍ മാത്രം.അവനവനിസം മാത്രമാണ് ഇന്ന് എല്ലാവരുടെയും മതം. നന്മയുടെ ചെറിയൊരു നാമ്പ് എവിടെയെങ്കിലും കണ്ടാല്‍ പോലും,അത് വളരുന്നതിനു മുന്‍പേ പരിഹസിച്ചും ചവിട്ടിമെതിച്ചും ഇല്ലാതാക്കാന്‍ ആളുകളുണ്ട്.കാരണം,അത്തരമൊരു നന്മ നിലനില്‍ക്കുന്നത് സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളെ ബാധിക്കുമോ എന്ന് അവര്‍ ഭയപ്പെടുന്നു. ഈ ലോകത്തില്‍,തെറ്റിന് കൈയ്യടിക്കാന്‍ ആളുകളേറെയുണ്ട്; സത്യത്തിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും തന്നെയില്ല. അതുകൊണ്ട്,പ്രത്യാശയുടെ അവസാനത്തെ തിരിനാളം പോലും ഊതിക്കെടുത്തപ്പെട്ട ഒരു ഇരുണ്ട കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

നിയമങ്ങള്‍ നോക്കുകുത്തികളാകുമ്പോള്‍,മനുഷ്യന്‍ മൃഗതുല്യനാകുന്നു.മനസ്സാക്ഷിക്കുത്ത് എന്നത് നിഘണ്ടുവില്‍ മാത്രം ഒതുങ്ങുന്ന ഒരു വാക്കായി മാറി.ഇനി വരാനിരിക്കുന്ന തലമുറയ്ക്ക് നമ്മള്‍ എന്ത് മാതൃകയാണ് നല്‍കുന്നത്? ഈ വിഷലിപ്തമായ അന്തരീക്ഷത്തില്‍ അവര്‍ എങ്ങനെയാണ് സ്‌നേഹവും വിശ്വാസവും എന്തെന്ന് പഠിക്കുക? ഈ തകര്‍ന്ന ലോകം, ഓരോ മനുഷ്യനെയും സ്വന്തം നാശത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്.കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിച്ചാല്‍ പോലും,നമ്മുക്ക് ചുറ്റും സംഭവിക്കുന്ന ഈ പതനം കാണാതിരിക്കാന്‍ കഴിയുന്നില്ല. ഈ ദുരന്തത്തിന് ഇനി ഒരു അവസാനമുണ്ടാകുമോ എന്ന ചോദ്യം ചോദിക്കാന്‍ പോലും ഇന്ന് ആര്‍ക്കും ധൈര്യമില്ല

ഡൈന സുനിതന്‍

Leave a Reply

Your email address will not be published. Required fields are marked *