തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ വ്യാജമരുന്നുകളുടെ ശേഖരം പിടികൂടി. പ്രധാനമായും ആസ്ത്മ രോഗികള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന സെറോഫ്‌ളോ റോട്ടോക്യാപ്‌സ് 250 എന്ന മരുന്നിന്റെ ശേഖരമാണ് കണ്ടെത്തുകയും പിടികൂടുകയും ചെയ്തത്. ആസ്ത്മ രോഗികള്‍ ഇന്‍ഹെയ്‌ലറില്‍ ഏറ്റവും കൂടുതല്‍ ഉപയോഗി്ക്കുന്ന മരുന്നാണിത്. സിപ്ല കമ്പനിയാണ് വിപണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഈ മരുന്നിന്റെ നിര്‍മാതാക്കള്‍.
ഇത്രയും വ്യാപകമായി ഈ മരുന്നിന്റെ വ്യാജന്‍ പ്രചരിച്ച സാഹചര്യത്തില്‍ ഇതിന്റെ നിര്‍മാണ കേന്ദ്രം കണ്ടെത്താന്‍ മറ്റു സംസ്ഥാനങ്ങളിലേക്കും കൂടി അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശ്വാസ് ഫാര്‍മ, തൃശൂര്‍ പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡ് വേള്‍ഡ് ഫാര്‍മ എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് ഏറ്റവുമധികം വ്യാജമരുന്ന് പിടിച്ചിരിക്കുന്നത്. ഇവയുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ കേസ് എടുത്തിട്ടുണ്ട്.

