മെൽബൺ: ഓസ്‌ട്രേലിയയിൽ വയോജന പെൻഷൻ (Age Pension), റോഡ് നിയമങ്ങൾ, സൂപ്പർ ആനുവേഷൻ എന്നിവയുമായി ബന്ധപ്പെട്ട് എഐ (AI) അധിഷ്ഠിത വെബ്‌സൈറ്റുകൾ വഴി വ്യാപകമായ വ്യാജവാർത്തകൾ പ്രചരിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽ വരുമെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.
പ്രായമായവർക്കുള്ള പെൻഷൻ തുകയിൽ ഏപ്രിൽ 1 മുതൽ മാറ്റമുണ്ടാകുമെന്നും 65 വയസ്സിന് മുകളിലുള്ള ഡ്രൈവർമാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നുമാണ് പ്രധാനമായും പ്രചരിക്കുന്ന വാർത്തകൾ. എഐ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങളും വാർത്താ റിപ്പോർട്ടുകൾക്ക് സമാനമായ ലേഖനങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
പെൻഷൻ തുകയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ കഴിഞ്ഞ മാർച്ചിലാണ് (2026 മാർച്ച് 20) പ്രാബല്യത്തിൽ വന്നത്. ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ സർക്കാർ ആനുകൂല്യങ്ങളിൽ അന്ന് വർദ്ധനവ് വരുത്തിയിരുന്നു. ഇതിനോടൊപ്പം പെൻഷൻ ഗുണഭോക്താക്കളുടെ വരുമാന പരിശോധനയെ ബാധിക്കുന്ന ‘ഡീമിംഗ് നിരക്കുകളിലും’ (Deeming rates) മാറ്റം വരുത്തി. ഈ പരിഷ്കാരങ്ങൾ നേരത്തെ തന്നെ നടപ്പിലായതാണെന്നും ഏപ്രിൽ ഒന്നിന് പുതിയ മാറ്റങ്ങളൊന്നും നിശ്ചയിച്ചിട്ടില്ലെന്നും സെന്റർലിങ്ക് (Centrelink) വൃത്തങ്ങൾ അറിയിച്ചു.
കൂടാതെ, മുതിർന്ന പൗരന്മാരായ ഡ്രൈവർമാർക്ക് പുതിയ ലൈസൻസ് നിബന്ധനകളോ റോഡ് നിയമങ്ങളോ ഇന്ന് മുതൽ ബാധകമല്ല. മുൻപ് പ്രചരിച്ചതുപോലെ പ്രായമായവർക്ക് രാത്രികാല ഡ്രൈവിംഗിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണ്. സൂപ്പർ ആനുവേഷനുമായി ബന്ധപ്പെട്ട ‘പേഡേ സൂപ്പർ’ (Payday Super) പദ്ധതി 2026 ജൂലൈ ഒന്ന് മുതലാണ് ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർദ്ധനവും പലിശ നിരക്ക് വർദ്ധനയും ഓസ്‌ട്രേലിയൻ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിൽ, ഇത്തരം വ്യാജവാർത്തകൾ ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്നു. വ്യാജ വെബ്‌സൈറ്റുകൾ വഴി പ്രചരിക്കുന്ന പിഴ തുകകളെക്കുറിച്ചോ നിയമ ലംഘനങ്ങളെക്കുറിച്ചോ ഉള്ള വിവരങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകൾ വഴി മാത്രം വിവരങ്ങൾ സ്ഥിരീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

