ശില്പങ്ങളില്‍ ജീവിച്ച മുഖങ്ങള്‍; പ്രശസ്ത ശില്‍പി സാബു ജോസഫ് ഇനി ഓര്‍മ്മ

കോട്ടയം: കേരളത്തിന്റെ സാംസ്‌കാരിക ഭൂദൃശ്യത്തില്‍ അനശ്വരമായ മുഖങ്ങള്‍ ശില്പത്തിലൂടെ പകര്‍ന്ന പ്രശസ്ത ശില്‍പി കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ സാബു ജോസഫ് (77) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം.കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ പരേതരായ കെ.സി. ജോസഫ് അച്ചാമ്മ ദമ്പതികളുടെ മകനാണ്. സ്വാതന്ത്ര്യ സമര സേനാനികളായ അക്കാമ്മ ചെറിയാനും റോസമ്മ പുന്നൂസുമടങ്ങുന്ന ധീരപോരാളി കുടുംബത്തിന്റെ പാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ സാലു ജോര്‍ജ് സഹോദരനാണ്.

കോട്ടയം ബേക്കര്‍ ജംഗ്ഷനിലെ പി. ടി. ചാക്കോയുടെ പ്രതിമയിലൂടെ പൊതുജന ശ്രദ്ധ നേടിയ സാബു ജോസഫ്, കേരളത്തിലെ അനേകം ചരിത്രപുരുഷന്മാരുടെയും ആത്മീയ-സാംസ്‌കാരിക പ്രതിഭകളുടെയും മുഖങ്ങള്‍ ശില്പത്തിലേക്ക് പകര്‍ത്തി.തിരുവനന്തപുരത്തെ അക്കാമ്മ ചെറിയാന്‍,കോട്ടയം രൂപതയുടെ മുന്‍ ബിഷപ് തോമസ് തറയില്‍, സി. കേശവന്‍,എം.എന്‍. ഗോവിന്ദന്‍ നായര്‍,ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മ,റവ. ബഞ്ചമിന്‍ ബെയിലി, രാമപുരത്തെ തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍, പാറേമാക്കല്‍ മാര്‍ തോമസ് ഗോവര്‍ണ്ണോദര്‍, കോട്ടക്കല്‍ ആര്യവൈദ്യശാല വൈദ്യരത്നം പി.എസ്. വാര്യര്‍,കട്ടക്കയം ചെറിയാന്‍ മാപ്പിള, ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോ എന്നിവരുടെ പ്രതിമകള്‍ അദ്ദേഹത്തിന്റെ കൈപ്പുണ്യത്തിന്റെ സാക്ഷ്യങ്ങളാണ്.

ഭാര്യ: ഫാറ്റിമ (കടമപ്പുഴ, കാഞ്ഞിരപ്പള്ളി)
മക്കള്‍: ആന്‍ ട്രീസ അല്‍ഫോന്‍സ് (യുകെ), റോസ്‌മേരി അന്റണി (സൗത്ത് ഇന്ത്യന്‍ ബാങ്ക്, കൊച്ചി), ലിസ് മരിയ സാബു (എച്ച്ഡിഎഫ്സി, തൃശൂര്‍).
മരുമക്കള്‍: പ്രവീണ്‍ അല്‍ഫോന്‍സ് ജോണ്‍ പിട്ടാപ്പള്ളി, ആന്റണി ജോസ് കോണിക്കര.

സംസ്‌കാര ചടങ്ങുകള്‍ പിന്നീട് നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *