മുംബൈയിൽ മേൽപാലങ്ങൾക്ക് താഴെ കൃഷിയിടം ഒരുങ്ങുന്നു; 24,000 ചതുരശ്രയടിയിൽ പച്ചക്കറി-പഴം കൃഷികൾ

മുംബൈ: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി മാലിന്യപ്രശ്നത്തിന് പരിഹാരം കാണാനും ഹരിതാഭ വർദ്ധിപ്പിക്കാനുമായി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (BMC) പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. നഗരത്തിലെ മേൽപാലങ്ങൾക്കടിയിലുള്ള സ്ഥലം കൃഷിയോഗ്യമാക്കുന്ന ‘അർബൻ ഫാർമിംഗ്’ പദ്ധതിക്കാണ് ബിഎംസി തുടക്കമിടുന്നത്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയ്ക്ക് താഴെയുള്ള 24,000 ചതുരശ്രയടി സ്ഥലത്താണ് ആദ്യഘട്ടത്തിൽ പച്ചക്കറി, പഴം കൃഷികൾ ആരംഭിക്കുന്നത്.

നഗരത്തിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുക, രാസവളരഹിത കൃഷി പ്രോത്സാഹിപ്പിക്കുക, മേൽപാലങ്ങൾക്കടിയിലെ അനധികൃത പാർക്കിംഗും സാമൂഹികവിരുദ്ധ ശല്യവും ഒഴിവാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മെട്രോ സ്റ്റേഷന് അടുത്ത് അടുത്ത മാസം പദ്ധതി ആരംഭിക്കും. സന്നദ്ധസംഘടനകൾക്കും വ്യക്തികൾക്കും പാട്ടവ്യവസ്ഥയിൽ സ്ഥലം കൈമാറും. മൂന്ന് അടി വീതിയും ആറടി നീളവുമുള്ള പ്ലോട്ടുകളായാണ് കൃഷിസ്ഥലം തിരിക്കുക.

സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്തതും വാഹനങ്ങളുടെ പുകയും പൊടിയും പരിഗണിച്ച് ഹൈഡ്രോപോണിക്സ് (മണ്ണില്ലാത്ത കൃഷി), വെർട്ടിക്കൽ ഗാർഡനിംഗ് എന്നീ രീതികൾ അവലംബിക്കും. തണലിൽ വളരുന്ന ചെടികൾക്ക് മുൻഗണന നൽകും.

Leave a Reply

Your email address will not be published. Required fields are marked *