അച്ഛൻ (കവിത)

സ്‌നേഹത്തെന്നലായ്..
ആനന്ദത്തുള്ളിയായ്
ആരുമറിയാത്തൊരലയാഴിയായെന്നച്ഛന്‍.
പലകുറി വായിച്ചെടുക്കാനാകാത്ത
പുസ്തകമാണച്ഛന്‍.
പെയ്തമഴയില്‍ തോര്‍ന്നമിഴിയില്‍
നിറയുന്ന തേന്‍തുള്ളിയാണച്ഛന്‍.

ദുഃഖങ്ങളുള്ളിലൊതുക്കിയെരിയും
പൊന്‍നാളമാണച്ഛന്‍.
ജീവിതം ഹോമിച്ചും ത്യാഗം
സഹിച്ചും മനസ്സ് തകര്‍ന്ന്
കണ്ണുനിറഞ്ഞ്
നോക്കിനില്‍ക്കുമെന്നച്ഛന്‍.

വിളക്കായ് തെളിയുവാന്‍
വിയര്‍പ്പൊഴുക്കിയോടി നടക്കുമെന്നച്ഛന്‍.
മലയും മാമലകളും കാട്ടാറിനോളങ്ങളുമറിയും
കാറ്റായ്..കടലായ്.. വെയിലായ്..മഴയായ്..
മയിലായോടി നടക്കുമെന്നച്ഛന്‍.

വിടപറഞ്ഞെങ്ങോ പോകുമെന്നറിഞ്ഞിട്ടും
കുടുംബം കണ്ണീരിലാവാതിരിക്കാന്‍ കാലുകള്‍
പൊട്ടിയൊലിച്ചിട്ടും ഓടി നടക്കുമെന്നച്ഛന്‍.
നന്മയാണച്ഛന്‍.. പുണ്യമാണച്ഛന്‍.
കണ്‍കണ്ട ദൈവമാണച്ഛന്‍.

ഷജില പരുത്തിക്കുഴി

Leave a Reply

Your email address will not be published. Required fields are marked *