കൊച്ചിയിലെ എളമക്കരയില്‍ പിതാവ് തന്റെ ആറു വയസ്സുകാരിയായ മകള്‍ക്ക് വിഷം നല്കിയ ശേഷം ആത്മഹത്യ ചെയ്തു.ആലപ്പുഴ ചേര്‍ത്തല പാണാവള്ളി സ്വദേശിയായ പവിശങ്കര്‍(33),മകള്‍ വാസുകി(6)എന്നിവരാണ് മരിച്ചത്.കൊച്ചി എളമക്കര പോണേക്കരയിലെ സെന്റ് സേവ്യേഴ്‌സ് റോഡിലുള്ള വാടകവീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പവിശങ്കറിന്റെ ഭാര്യ സ്‌നാഷ ഇടപ്പള്ളിയിലെ ഒരു ഷോപ്പിംഗ് മാളിലെ കടയില്‍ ജോലി ചെയ്യുകയാണ്.ഇന്നലെ രാത്രി ജോലി കഴിഞ്ഞ് 11.30-ഓടെ വീട്ടിലെത്തിയപ്പോള്‍ വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പവിശങ്കറിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെത്തുടര്‍ന്ന് സംശയം തോന്നിയ അവര്‍ അയല്‍വാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മകള്‍ക്ക് വിഷം നല്കിയ ശേഷം പവിശങ്കര്‍ തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പി കണ്ടെത്തിയിട്ടുണ്ട്.കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.സാമ്പത്തിക ബുദ്ധിമുട്ടുകളോ അതോ വ്യക്തിപരമായ മാനസിക പ്രയാസങ്ങളോ ആണോ ഈ കടുംകൈയിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിന്റെ ആഘാതത്തില്‍ തളര്‍ന്ന പവിശങ്കറിന്റെ ഭാര്യ സ്‌നാഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എളമക്കര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

