ഇന്റര്‍നെറ്റിന്റെ ഡീപ്‌സീ കേബിളില്‍ ഹൂതി അട്ടിമറിയോ, പ്രശ്‌നങ്ങള്‍ ഗള്‍ഫിലും മറ്റും.

റിയാദ്: ഗള്‍ഫില്‍ സൗദിയുള്‍പ്പെടെ പലയിടത്തും പാക്കിസ്ഥാനിലുമെല്ലാം ഇന്റര്‍ നെറ്റിനു തടസം. ചെങ്കടലിന് അടിയിലൂടെ കടന്നു പോകുന്ന രാജ്യാന്തര ഇന്റര്‍നെറ്റ് കേബിള്‍ യമനിലെ ഹൂതികള്‍ മുറിക്കുകയോ കേടുവരുത്തുകയോ ചെയ്തതായാണ് സംശയിക്കുന്നത്. എന്നാല്‍ ഹൂതികള്‍ ഇക്കാര്യം സമ്മതിക്കുകയോ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. ഇന്റര്‍നെറ്റ് പ്രതിസന്ധിയുണ്ടെന്ന് ഒരു രാജ്യവും ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. എന്നാല്‍ ലോകം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസയോഗ്യമായ നിരീക്ഷണ ഏജന്‍സികള്‍ കേബിള്‍ പ്രശ്‌നം തറപ്പിച്ചു പറയുന്നുണ്ട്.
ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടുവെങ്കില്‍ കൂടി കാരണം വ്യക്തമായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗള്‍ഫ് രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കി ഇസ്രയേലിനെ വീട്ടിലിരുത്തുക എന്ന ലക്ഷ്യമാണ് ഹൂതികള്‍ക്കുള്ളതെന്നാണ് കേബിള്‍ മുറിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഏജന്‍സികള്‍ പറയുന്നത്. കേബിള്‍ മുറിച്ചുവെന്ന വാദം ശക്തമായി ഉന്നയിക്കുന്നത് വാച്ച്‌ഡോഗ് സ്ഥാപനമായ നെറ്റ്‌ബ്ലോക്‌സ് ആണ്. അവര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ സൗദി അറേബ്യയിലെ ജിദ്ദയ്ക്ക് സമീപമുള്ള എസ്എംഡ്ബ്ല്യു 4, ഐഎംഇഡബ്ല്യുഇ എന്നീ കേബിള്‍ സംവിധാനങ്ങളെ പോലും ഈ അട്ടിമറി ബാധിച്ചിട്ടുണ്ട്. ഗള്‍ഫില്‍ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഡു, എത്തിസലാത്ത് തുടങ്ങിയ നെറ്റ്വര്‍ക്കുകളില്‍ ഇന്റര്‍നെറ്റിന്റെ വേഗത ഇന്നലെ തീരെ കുറവായിരുന്നു. ഈ വിഷയത്തിലും സര്‍ക്കാരുകള്‍ മൗനം പാലിക്കുകയാണ്.