ഓസ്‌ട്രേലിയയില്‍ നിന്ന് കൂടുവിട്ട് ഇന്ത്യന്‍ ടീമിലെത്തിയ റയാന് ഇനി നീലക്കുപ്പായം അണിയാം, ഫിഫയുടെ അനുമതിയായി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയ വിട്ട് ഇന്ത്യയില്‍ എത്തി പൗരത്വവും സ്വീകരിച്ചു നില്‍ക്കുന്ന ഫുട്‌ബോള്‍ താരം റയാന്‍ വില്യംസിന് മുന്നില്‍ ഇനി കടമ്പകളൊന്നുമില്ല, ധൈര്യമായി സ്വന്തം മോഹ സാക്ഷാത്കാരത്തിനിറങ്ങാം. ഇന്ത്യയ്ക്കു വേണ്ടി ഫുട്‌ബോള്‍ കളിക്കുന്നതിനാണ് ഏറെ ക്ലേശകരമായ വഴികള്‍ മുഴുവന്‍ ഈ ചെറുപ്പക്കാരന്‍ താണ്ടിയത്. റയാന്റെ കൂടുവിട്ടു കൂടുമാറ്റം ഫിഫ അംഗീകരിച്ചെങ്കില്‍ മാത്രമേ ഇന്ത്യയ്ക്കു വേണ്ടികളിക്കാനാവൂ.

ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഫിഫ അംഗീകരിച്ച് ഉത്തരവായിരിക്കുന്നു. ഇനി ധൈര്യമായി ഇന്ത്യന്‍ ടീമിന്റെ നീല ജഴ്‌സി ധരിക്കാം. മുപ്പത്തിരണ്ടുകാരനായ റയാന്‍ നേരത്തെ ബാംഗളൂര്‍ എഫ്‌സിക്കായി കളിച്ചിട്ടുണ്ട്. ലീഗ് മത്സരങ്ങള്‍ക്കു പുറത്ത് ഏതെങ്കിലു ദേശീയ ടീമിനു വേണ്ടി കളിക്കുന്നതിന് ഫിഫയുടെ അനുമതി വാങ്ങേണ്ടതുണ്ട്. അതാണിപ്പോള്‍ സഫലമായിരിക്കുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെയും അനുമതി ഇതേ രീതിയില്‍ സമ്പാദിക്കേണ്ടതുണ്ടെങ്കിലും അത് നേരത്തെ ലഭിച്ചിരുന്നു.

ഫിഫയുടെ അനുമതി കിട്ടാഞ്ഞതിനാല്‍ ഏഷ്യ. കപ്പ് യോഗ്യതാ റൗണ്ടില്‍ നീലക്കുപ്പായത്തിലിറങ്ങാന്‍ റയാന് സാധിച്ചിരുന്നില്ല. ആ കളിയില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *