ഹൈദരാബാദ്: FIH വനിതാ ഹോക്കി ലോകകപ്പ് യോഗ്യതാ ടൂർണമെന്റിൽ ഇറ്റലിയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ഹോക്കി ടീം ഫൈനലിൽ പ്രവേശിച്ചു. ഹൈദരാബാദിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിന്റെ 40-ാം മിനിറ്റിൽ മനീഷ ചൗഹാൻ നേടിയ ഗോളാണ് ഇന്ത്യയ്ക്ക് വിജയവും ഫൈനൽ പ്രവേശനവും ഉറപ്പിച്ചത്.
നേരത്തെ, ഹൈദരാബാദ് യോഗ്യതാ റൗണ്ടിന്റെ സെമിഫൈനലിൽ പ്രവേശിച്ചതോടെ തന്നെ ഇന്ത്യൻ വനിതാ ടീം 2026-ലെ ഹോക്കി ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരുന്നു. ലോക റാങ്കിങ്ങിലെ ഉയർന്ന സ്ഥാനം (ഒൻപതാം റാങ്ക്) അടിസ്ഥാനമാക്കിയാണ് ഇന്ത്യ ലോകകപ്പിലേക്ക് യോഗ്യത നേടിയത്.ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. സെമിഫൈനലിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ വിജയം വരിച്ച ഇന്ത്യൻ ടീം, ഇപ്പോൾ കിരീടം ലക്ഷ്യമിട്ടാണ് ഫൈനലിന് ഇറങ്ങുന്നത്.

