തിരുവനന്തപുരം: മലയാള സിനിമയിലെ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ പ്രശസ്തനായ ബാലചന്ദ്രമേനോന്റെ കരിയറിന് അമ്പതാണ്ട്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ബാലചന്ദ്ര മേനോന്‍ എന്ന വരികള്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ട് അരനൂറ്റാണ്ടു തികയുന്നു. ഇതില്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ലെങ്കിലും അഭിനേതാവായും ബാലചന്ദ്ര മേനോന്‍ തന്നെ വെള്ളിത്തിരയിലുണ്ടായിരുന്നു. 1978ല്‍ പുറത്തിറങ്ങിയ ഉത്രാടരാത്രി എന്ന സിനിമ മുതലാണ്. സര്‍വ ഉത്തരവാദിത്വങ്ങളും സ്വയം നിര്‍വഹിച്ച് മേനോന്‍ സിനിമ ലോകത്ത് വിസ്മയമായത്. അതിനു മൂന്നു വര്‍ഷത്തോളം മുമ്പ് ഇദ്ദേഹം ചലച്ചിത്ര മേഖലയില്‍ എത്തിയിരുന്നു. നാന എന്ന പ്രശസ്ത സിനിമ മാസികയിലെ പത്രപ്രവര്‍ത്തകനായാണ് കരിയറിന്റെ തുടക്കം.
സിനിമ ജേര്‍ണലിസ്റ്റ് എന്ന നിലയില്‍ ലഭിച്ച അനുഭവജ്ഞാനമാണ് സ്വന്തമായി സിനിമ ചെയ്യുക എന്ന തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്. ആദ്യ ആറു സിനിമകളില്‍ അഭിനയരംഗത്ത് മേനോന്‍ ഉണ്ടായിരുന്നില്ല. 1981ല്‍ പുറത്തിറങ്ങിയ മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ളയിലൂടെയാണ് അഭിനയരംഗത്തും ഒരു കൈ നോക്കുന്നത്. പിറ്റേവര്‍ഷം പുറത്തിറങ്ങിയ ചിരിയോ ചിരി മുതല്‍ നായക റോളിലും മേനോന്‍ തന്നെയാണ് നിറഞ്ഞു നിന്നിരുന്നത്. ആകെ 37 സിനിമകള്‍ സംവിധാനം ചെയ്തു. അതില്‍ 27ലും നായകനും മേനോന്‍ തന്നെയായിരുന്നു. മിക്കവാറും സിനിമകളില്‍ നായികമാരായി എത്തിയത് പുതുമുഖങ്ങള്‍ തന്നെയായിരുന്നു. പില്‍ക്കാലത്ത് മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരായ ശോഭന, കാര്‍ത്തിക, രോഹിണി, പാര്‍വതി തുടങ്ങിയ നടിമാരുടെയെല്ലാം തുടക്കം ബാലചന്ദ്രമേനോന്റെ നായികാപദവിയിായിരുന്നു

