ന്യൂഡൽഹി: കേന്ദ്ര ബജറ്റ് (2026-27) മുന്നോട്ടുവെക്കുന്നത് സർക്കാരിന്റെ നയപരമായ തുടർച്ചയും സ്ഥിരതയുമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ന്യൂഡൽഹിയിൽ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ബോർഡ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വ്യവസായങ്ങൾക്കും നിക്ഷേപകർക്കും ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ‘പ്രെഡിക്റ്റബിലിറ്റി’ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ബിസിനസ്സ് സംരംഭകർക്ക് ആശയക്കുഴപ്പമില്ലാത്തതും കൃത്യവുമായ നയങ്ങൾ ഉറപ്പാക്കുന്നതിലൂടെ കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് ആകർഷിക്കാൻ സാധിക്കും.സെമികണ്ടക്ടറുകൾ, ഇലക്ട്രോണിക് ഘടകങ്ങൾ, ബയോ-ഫാർമ എന്നീ മേഖലകൾക്ക് ബജറ്റിൽ നൽകിയിട്ടുള്ള മുൻഗണനകൾ മന്ത്രി വിശദീകരിച്ചു.ചെറുകിട-ഇടത്തരം സംരംഭങ്ങളെ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ‘ചാമ്പ്യന്മാരാക്കി’ മാറ്റുന്നതിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഇതിനായി 10,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റെയർ എർത്ത് ധാതുക്കളുടെ സംസ്കരണത്തിനും ഗവേഷണത്തിനുമായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു

