വിരലോളം വലിപ്പം, വില്ലനായി ഇറുകാഞ്ചി ജെല്ലിഫിഷ്; കുത്തേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ

നോർത്ത് ക്വീൻസ്‌ലാൻഡ്: കടലിൽ നീന്തുന്നതിനിടെ അതീവ മാരകമായ വിഷമുള്ള ‘ഇറുകാഞ്ചി’ (Irukandji) ജെല്ലിഫിഷിന്റെ കുത്തേറ്റ നോർത്ത് ക്വീൻസ്‌ലാൻഡ് സ്വദേശിയായ കൗമാരക്കാരൻ ആശുപത്രിയിൽ. വിരലോളം മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ ജെല്ലിഫിഷിന്റെ കുത്തേറ്റതിനെത്തുടർന്ന് സഹിക്കാനാവാത്ത വേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളുമാണ് 14-കാരനായ ഹഡ്‌സൺ ഹോറന് അനുഭവപ്പെട്ടത്.

ഫെബ്രുവരി ഒന്നിന് കേപ് അപ്‌സ്റ്റാർട്ട് തീരത്ത് സുഹൃത്തായ ടാനറിനൊപ്പം നീന്തുന്നതിനിടെയാണ് ഹഡ്‌സണ് കുത്തേറ്റത്. തുടക്കത്തിൽ കഴുത്തിൽ ചെറിയൊരു ചൊറിച്ചിൽ മാത്രമാണ് അനുഭവപ്പെട്ടതെങ്കിലും മിനിറ്റുകൾക്കുള്ളിൽ സ്ഥിതി വഷളായി. കഠിനമായ വേദന കാലുകളിൽ നിന്ന് തുടങ്ങി പുറത്തേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടരുകയായിരുന്നു. “പുറത്ത് കത്തികൊണ്ട് കുത്തുന്നതുപോലെയുള്ള വേദനയായിരുന്നു” എന്ന് ഹഡ്‌സൺ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

മൊബൈൽ റേഞ്ച് ഇല്ലാത്ത സ്ഥലത്തായതിനാൽ ഹഡ്‌സന്റെ പിതാവ് ഡാൻ, റേഡിയോ വഴി മറൈൻ റെസ്ക്യൂ ക്വീൻസ്‌ലാൻഡിന്റെ (MRQ) സഹായം തേടുകയായിരുന്നു. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് കൗമാരക്കാരനെ വേഗത്തിൽ കരയിലെത്തിക്കാനും വിദഗ്ധ ചികിത്സ ലഭ്യമാക്കാനും സാധിച്ചു. ഒരു രാത്രി മുഴുവൻ ആശുപത്രിയിൽ ചെലവഴിച്ച ഹഡ്‌സൺ ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു.

വടക്കൻ ഓസ്‌ട്രേലിയയിലെ ഉഷ്ണമേഖലാ കടലുകളിൽ കാണപ്പെടുന്ന അതീവ വിഷമുള്ള ജീവിയാണിത്. വിരലോളം മാത്രം വലിപ്പമുള്ള ഇവയെ വെള്ളത്തിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ഇവയുടെ കുത്തേറ്റാൽ കഠിനമായ വേദന, ഛർദ്ദി, ശ്വസനതടസ്സം എന്നിവ ഉണ്ടാകാം. ചില അപൂർവ്വ സാഹചര്യങ്ങളിൽ ഹൃദയാഘാതത്തിന് വരെ ഇത് കാരണമായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *