ന്യൂ ഇയര്‍ ആഘോഷത്തില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് തീപിടുത്തം; 19-കാരനെ പോലീസ് അറസ്റ്റ് ചെയ്തു

പെര്‍ത്ത്: ന്യൂ ഇയര്‍ ആഘോഷത്തിനിടെ കാടിന് സമീപം പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ 19-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെര്‍ത്ത് ഹില്‍സിലെ കലമുണ്ടയിലാണ് സംഭവം.

ജനുവരി 1-ന് പുലര്‍ച്ചെ 12:20-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടെംബി അവന്യൂവിലെ ഉണങ്ങിയ പുല്ലിലേക്ക് യുവാവ് പടക്കം എറിഞ്ഞതാണ് തീപിടുത്തത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.തീ വേഗത്തില്‍ പടര്‍ന്നതോടെ 25 ഹെക്ടറോളം സ്ഥലം കത്തിനശിച്ചു.

അപകടത്തെ തുടര്‍ന്ന് മൈഡ വെയ്ല്‍ ഫോറസ്റ്റ്ഫീല്‍ഡ് കലമുണ്ട തുടങ്ങിയ പ്രദേശങ്ങളില്‍ എമര്‍ജന്‍സി വാണിംഗ് പ്രഖ്യാപിക്കുകയും, ആളുകളോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.2000-ത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം തകരാറിലായി.വെസ്റ്റേണ്‍ പവറിന്റെ നേതൃത്വത്തില്‍ രാവിലെ 9 മണിയോടെ ഭൂരിഭാഗം വീടുകളിലും വൈദ്യുതി പുനഃസ്ഥാപിച്ചു.

നിലവില്‍ അപായ മുന്നറിയിപ്പ് ‘വാച്ച് ആന്‍ഡ് ആക്ട്’ ആയി കുറച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെങ്കിലും പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. മുന്‍കരുതലിന്റെ ഭാഗമായി ഹൈ വിക്കോംബ് കമ്മ്യൂണിറ്റി സെന്ററില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.

കലമുണ്ട സ്വദേശിയായ 19-കാരനെതിരെ അശ്രദ്ധമായി പെരുമാറിയതിന്കുറ്റം ചുമത്തി. ഇയാളെ പെര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും, പുക ശല്യം ഒഴിവാക്കാന്‍ ജനലുകളും വാതിലുകളും അടച്ചിടണമെന്നും അഗ്‌നിശമന സേന മുന്നറിയിപ്പ് നല്‍കി

Leave a Reply

Your email address will not be published. Required fields are marked *