കട്ടക്: ഒഡീഷയിലെ കട്ടക്കിലുള്ള എസ്.സി.ബി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ട്രോമ കെയർ ഐ.സിയുവിലുണ്ടായ വൻ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 2:30-നും 3:00-നും ഇടയിലാണ് സംഭവം നടന്നത്.
ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിന്റെ ഒന്നാം നിലയിലുള്ള ഐ.സിയുവിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ സമയത്ത് 23 രോഗികളാണ് ഐ.സിയുവിലും സമീപത്തെ വാർഡിലുമായി ചികിത്സയിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ ഉടൻ അഗ്നിശമന സേന സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ച് തീയണച്ചു. രോഗികളെ രക്ഷപ്പെടുത്തുന്നതിനിടെ പരിക്കേറ്റ 11 ആശുപത്രി ജീവനക്കാരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തെത്തിയ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, ആരോഗ്യ മന്ത്രി മുകേഷ് മഹാളിംഗിനൊപ്പം സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനിടെ ഐ.സിയുവിൽ നിന്ന് മാറ്റിപ്പാർപ്പിക്കുന്നതിനിടെയാണ് ഏഴ് രോഗികൾ മരിച്ചതെന്നും, മറ്റ് മൂന്നുപേർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

