ന്യൂഡല്‍ഹി: 25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നിശാക്ലബ്ബിലെ തീപിടിത്തത്തിനു പിന്നാലെ ക്ലബ് ഉടമകള്‍ രാജ്യം വിട്ടു. ശനിയാഴ്ച രാത്രിയുണ്ടായ തീപിടിത്തം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതികളായ ഗൗരവ്, സൗരഭ് ലുത്ര എന്നിവര്‍ രാജ്യം വിട്ടത്. ഇരുവരും തായ്ലന്ഡിലേക്ക് പോയതായി പൊലീസ് അറിയിച്ചു. പ്രതികളെ അന്വേഷിച്ച് പൊലീസ് സംഘം ഡല്‍ഹിയിലെത്തിയെങ്കിലും ഇരുവരും വീട്ടിലില്ലായിരുന്നു. ഇതോടെ പ്രതികള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ പൊലീസ് ഇമിഗ്രേഷന്‍ ബ്യൂറോയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അപകടം നടന്നതിനു തൊട്ടുപിന്നാലെയാണ് ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് രണ്ട് പ്രതികളും തായ്ലന്ഡിലെ ഫുക്കറ്റിലേക്ക് കടന്നതെന്ന് ഇമിഗ്രേഷന്‍ ബ്യൂറോ കണ്ടെത്തി. തീപിടിത്തമുണ്ടായ സമയത്ത് ഇരുവരും ഡല്‍ഹിയിലായിരുന്നു. ഡല്‍ഹി ഫുക്കറ്റ് ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടത്. പ്രതികളെ തിരികെ എത്തിക്കാനായി ഗോവ പൊലീസ്, സിബിഐ ഇന്റര്‍പോള്‍ എന്നിവരുടെ സഹായം തേടിയിട്ടുണ്ട്. അതേസമയം ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ കേസിലെ മൂന്നാം പ്രതി ഭരത് കോലിയെ ചോദ്യം ചെയ്യുന്നതിനായി ഗോവയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ക്ലബ്ബിന് പെര്‍മിറ്റ്, ലൈസന്‍സ് എന്നിവ നല്‍കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യും

