പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തം. കോളജിലെ ജനറേറ്റർ റൂമിൽനിന്നാണ് തീ പടർന്നത്. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. രാവിലെ മുതൽ വൈദ്യുതി മുടങ്ങിയിരുന്നതിനാൽ ജനറേറ്റർ ഓൺ ചെയ്തിരുന്നു. തീയും പുകയും കണ്ട ഉടൻതന്നെ തൊട്ടടുത്ത കെട്ടിടത്തിലെ രോഗികളെ ഒഴിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഫയർഎക്സിക്യൂഷൻ ഉപയോഗിച്ചു തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചു. ആളുകളെല്ലാം സുരക്ഷിതരാണ്.
കോന്നിയിൽനിന്ന് രണ്ട് യൂണിറ്റും പത്തനംതിട്ടയിൽനിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാ സംഘം വൈകാതെ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കി. ജനറേറ്റർ റൂമിൽ സൂക്ഷിച്ചിരുന്ന ഡീസൽ ഫയർഫോഴ്സ് സംഘം പുറത്തേക്ക് മാറ്റി.
പുക മെഡിക്കൽ കോളജിന്‍റെ മുകൾ നിലയിലേക്കു വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ ബ്ലോവർ എത്തിച്ചു പുക പുറത്തേക്ക് വലിച്ചു കളയാനുള്ള ശ്രമവും ഫയർഫോഴ്സ് തുടങ്ങി. തീ പിടിത്തത്തെത്തുടർന്നു രോഗികളും ജീവനക്കാരും ഏറെ നേരെ പരിഭ്രാന്തരായി. പുതിയ കെട്ടിടത്തിൽ പുതുതായി സ്ഥാപിച്ച ജനറേറ്ററാണ് കത്തിയത്.

