നടുവണ്ണൂർ (കോഴിക്കോട്): കോഴിക്കോട് നടുവണ്ണൂർ മന്ദങ്കാവിലെ സ്വകാര്യ പ്ലാസ്റ്റിക് മാലിന്യ ശേഖരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. മന്ദങ്കാവ് കേരഫെഡ് കോംപ്ലക്സിന് സമീപം പ്രവർത്തിക്കുന്ന സി.പി എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനാണ് ഞായറാഴ്ച ഉച്ചയോടെ തീപിടിച്ചത്. 12 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചിരുന്ന ഷെഡിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്.
കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്നുള്ള എട്ടോളം ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ഷെഡിലുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണ്ണമായും കത്തിയുരുകി. തീ പടർന്നതിനെത്തുടർന്ന് സമീപത്തെ കൃഷിയിടങ്ങളിലെ തെങ്ങുകളും മരങ്ങളും കരിഞ്ഞുപോയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മന്ദങ്കാവ് സ്വദേശി പുളകുടി സുബൈറിന്റേതാണ് ഈ സ്ഥാപനം. ജനവാസ മേഖലയ്ക്ക് സമീപമുള്ള പ്ലാസ്റ്റിക് കേന്ദ്രത്തിലെ തീപിടിത്തം പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പരത്തി

