കുവൈത്ത് എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; മിന അൽ അഹ്മദിയിൽ തീപിടുത്തം

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ മിന അൽ അഹ്മദിക്ക് നേരെ വെള്ളിയാഴ്ച പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി. രണ്ടാഴ്ചയായി മേഖലയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, തുടർച്ചയായ രണ്ടാം ദിവസമാണ് ഈ റിഫൈനറി ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്.

ആക്രമണത്തെത്തുടർന്ന് റിഫൈനറിയിലെ ചില പ്രവർത്തന യൂണിറ്റുകളിൽ തീപിടുത്തമുണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സ്ഥിരീകരിച്ചു. ഉടൻ തന്നെ കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ അഗ്നിശമന സേനയും അടിയന്തര വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. മുൻകരുതൽ നടപടിയായി റിഫൈനറിയിലെ ചില യൂണിറ്റുകൾ താൽക്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

വ്യാഴാഴ്ച പുലർച്ചെയും മിന അൽ അഹ്മദി, മിന അബ്ദുള്ള എന്നീ റിഫൈനറികൾക്ക് നേരെ സമാനമായ രീതിയിൽ ഡ്രോൺ ആക്രമണം നടന്നിരുന്നു. ഈദുൽ ഫിത്വർ ആഘോഷങ്ങൾക്കിടെ നടന്ന വെള്ളിയാഴ്ചത്തെ ആക്രമണം ഇറാന്റെ ഭാഗത്തുനിന്നുള്ളതാണെന്ന് കുവൈത്ത് അധികൃതർ ആരോപിച്ചു. ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം വർധിച്ചുവരികയാണ്. ഖത്തറിലെയും സൗദി അറേബ്യയിലെയും എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മേഖലയിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും എണ്ണ ഉൽപ്പാദനത്തെയും വിതരണത്തെയും വലിയ തോതിൽ ബാധിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായും കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. അതേസമയം, ഐആർജിസി വക്താവ് കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ കൂടുതൽ പ്രകോപനപരമായ നീക്കങ്ങൾ നടത്തുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം

Leave a Reply

Your email address will not be published. Required fields are marked *