വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയായ വൈറ്റ് ഹൗസിനു സമീപം വെടിവയ്പില്‍ രണ്ടു സൈനികര്‍ക്കു ഗുരുതര പരിക്ക്.നാഷണല്‍ ഗാര്‍ഡ്സ് അംഗങ്ങള്‍ക്കാണ് പരിക്കേറ്റത്. അതീവ സുരക്ഷാ മേഖലയായ വൈറ്റ് ഹൗസ് പ്രദേശളത്തുണ്ടായ വെടിവയ്പ് അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ചു.
പരിക്കേറ്റവരില്‍ ഒരാള്‍ വനിതയാണ്. രണ്ടു പേരും വെസ്റ്റ് വിര്‍ജീനിയ സ്വദേശികളാണ്. അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അഫ്ഗാന് പൗരനാണ് അക്രമിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആക്രമണം നടക്കുമ്പോള്‍ ട്രംപ് ഫ്ളോറിഡയില്‍ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബ്ബിലായിരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് കെന്റുക്കിയിലുമായിരുന്നു. വെടിവയ്പിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് അടയ്ക്കുകയും പ്രദേശത്ത് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.
അതേസമയം ആക്രമണത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗുരുതരമായി പരിക്കേറ്റ് രണ്ടു വ്യത്യസ്ത ആശുപത്രിയില്‍ കഴിയുന്ന നാഷണല്‍ ഗാര്‍ഡുകളെ വെടിവച്ച ആ മൃഗത്തിനും പരിക്കേറ്റിട്ടുണ്ട്. എന്നിരുന്നാലും അവന് അതിനു വലിയ വില നല്കേണ്ടിവരുമെന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു.

